തുടരുമീ കരുതൽ...

കൊടുങ്ങല്ലൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി ആർ സുനിൽകുമാറിന് അന്നമനട പഞ്ചായത്തിലെ കീഴഡൂരിൽ നൽകിയ സ്വീകരണത്തിൽ പള്ളിപ്പാട്ട് തങ്കമണി സ്ഥാനാർഥിയെ മാലയിട്ട് സ്വീകരിക്കുന്നു
കെ എൻ സനിൽ
Published on Apr 01, 2026, 12:15 AM | 2 min read
അന്നമനട
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ മേൽപുരയുള്ള വീട്ടിൽനിന്ന് ഒരു രക്ഷ വേണം എന്ന മോഹമേ കീഴഡൂർ പള്ളിപ്പാട്ട് തങ്കമണിക്ക് ഉണ്ടായിരുന്നുള്ളൂ. അത് യാഥാർഥ്യമാക്കിയത് ഈ സർക്കാരാണ്. സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്നതിന്റെ അഭിമാനവുമായാണ് തങ്കമണി സ്ഥാനാർഥിയെ കാണാനെത്തിയത്. കീഴഡൂരിലെ സ്വീകരണ കേന്ദ്രത്തിലെത്തി സ്ഥാനാർഥിയെ മാലയിട്ട് സ്വീകരിച്ചു. 2022ൽ വീട് അനുവദിച്ചെങ്കിലും ഭർത്താവ് കിടപ്പിലായതിനാൽ പണി നടന്നില്ല. 2023 ലാണ് വീട് നിർമാണം പൂർത്തീകരിച്ചത്. സ്വപ്നഭവനം യാഥാർഥ്യമാകുമ്പോഴേക്കും പങ്കാളി ജീവിതത്തോട് വിട പറഞ്ഞു. ആ ദുഃഖമുണ്ടെങ്കിലും സുരക്ഷിതമായി അന്തിയുറങ്ങാനായതിന്റെ ആശ്വാസവുണ്ട്. തങ്കമണിക്ക് മാത്രമല്ല കീഴഡൂരിലത്തന്നെ 14 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീടു കിട്ടി. രണ്ടു പേരുടെകൂടി വീടുകൾ നിർമാണം നടക്കുന്നു. സർക്കാരിന്റെ കരുതൽ സ്പർശം ലഭിച്ച നിരവധിയാളുകളുടെ സ്നേഹാലിംഗനങ്ങളാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാർഥിയെ വരവേൽക്കുന്നത്. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി ആർ സുനിൽ കുമാറിന്റെ പര്യടനം ചൊവ്വാഴ്ച അന്നമനട പഞ്ചായത്തിലായിരുന്നു. രാവിലെ എട്ടിന് മേലഡൂർ ഹെൽത്ത് സെന്റർ ജങ്‌ഷനിൽനിന്ന് ആരംഭിച്ച പര്യടനം 47 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വയലാറിൽ സമാപിച്ചു. ചൊവ്വാഴ്ചയോടെ സ്ഥാനാർഥിയുടെ മണ്ഡല പര്യടനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മത്സരിക്കുന്ന മണ്ഡലത്തിൽ വയനാട് ദുരന്തമാണ് പ്രധാന ചർച്ച. കോൺഗ്രസും യൂത്ത് കോൺഗ്രസും എത്ര ഫണ്ട് പിരിച്ചു, പിരിച്ച പണം എവിടെ എന്നീ ചോദ്യങ്ങളാണ് എങ്ങും ഉയരുന്നത്. മിന്നിത്തിളങ്ങുന്ന സ്മാർട്ട് റോഡുകളാണ് കൊടുങ്ങല്ലൂർ വികസനത്തിന്റെ മുഖമുദ്ര. വോട്ടർമാരെ കാണാൻ കടന്നു വരുന്ന ഓരോ ഇടവഴികളിലുമുണ്ട് വി ആർ സുനിൽ കുമാറിന് തൊട്ടുകാണിക്കാൻ വികസനത്തിന്റെ ഒരു കൈമുദ്ര. മാമ്പ്ര, കുഴൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളാക്കിമാറ്റി, മേലഡൂർ ഗവ. എൽപി സ്‌കൂൾ കെട്ടിടം. മേലഡൂർ ഗവ. ഹൈസ്‌കൂളിന് കെട്ടിടം, വലിയ പറന്പ് ഗ്രൗണ്ട് നവീകരണം, വിവിധ പഞ്ചായത്ത് ഓഡിറ്റോറിയങ്ങൾ, മിനി സിവിൽ സ്‌റ്റേഷനുകൾ... അങ്ങനെ പോകുന്നു കഴിഞ്ഞ പത്താണ്ടിലെ കൊടുങ്ങല്ലൂരിലെ വികസന ചരിതം. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി ശശിധരൻ, എം രാജേഷ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ വി വസന്തകുമാർ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായി.










0 comments