തുടരും.... ഹൃദയചുവപ്പ്

കുന്നംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ സി മൊയ്‌തീന് എരുമപ്പെട്ടി കൊരട്ട്യാൻ കുന്നിൽ നൽകിയ സ്വീകരണത്തിൽ കുറുപ്പത്ത് വളപ്പിൽ രാധ വിഷുക്കണിത്തട്ട് സമ്മാനിക്കുന്നു / ഫോട്ടോ: എം എ ശിവപ്രസാദ്
സി എ പ്രേമചന്ദ്രൻ
Published on Mar 29, 2026, 12:15 AM | 1 min read
കുന്നംകുളം
‘മരണംവരെ അരിവാളിലേ കുത്തൂ. അതിൽ മാറ്റമില്ല. പാവങ്ങൾക്കെന്നും സഹായം ചോപ്പ് പാർടിയാണ്. ഹൃദയരോഗംമൂലം വിഷമങ്ങളുണ്ട്. എന്നാലും ചോപ്പെന്ന് കേട്ടാൽ വീട്ടിലിരിക്കാൻ തോന്നില്ല. അതുകൊണ്ടാണ് മൊയ്‌തീനെ സ്വീകരിക്കാനെത്തിയത്’. – കൊരട്ട്യാൻകുന്ന് നഗറിൽ സ്വീകരണത്തിനെത്തിയ എഴുപതുകാരി കുറുപ്പത്ത് വളപ്പിൽ രാധയുടെ വാക്കുകളാണിത്. കൊരട്ട്യാൻകുന്ന് നഗറിൽ ചുവപ്പുമാലകൾക്കൊപ്പം കൊന്നപ്പൂക്കളുമായി കുട്ടികളും യുവാക്കളും വീട്ടമ്മമാരുൾപ്പെടെ നാടൊന്നാകെ സ്വീകരിക്കാനെത്തി. പര്യടനത്തിന്റെ ആദ്യ ദിവസംതന്നെ കുന്നംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ സി മൊയ്‌തീനെ ജനഹൃദയങ്ങൾ ഏറ്റുവാങ്ങുകയാണ്. മന്ത്രിയായും എംഎൽഎയായും കുന്നംകുളത്ത് വികസനവസന്തകാലം തീർത്ത എ സി മൊയ്‌തീനെ കൊരട്ട്യാൻകുന്നിൽ കണിക്കൊന്നപ്പൂക്കളും പഴവർഗങ്ങളുമടങ്ങിയ വിഷുക്കണിത്തട്ട് നൽകിയാണ് കുറുപ്പത്ത് വളപ്പിൽ രാധ സ്വീകരിച്ചത്. മുടങ്ങാതെ 2000 രൂപ പെൻഷൻ കൈളിലെത്തുന്നതിന്റെ സന്തോഷവുമായെത്തിയ കാവീട്ടിൽ കാളി സ്ഥാനാർഥിയെ ചുവപ്പുഷാളണിയിച്ചു. കുട്ടികളെല്ലാം കൊന്നപ്പൂക്കൾ സമ്മാനിച്ചു. ഏവർക്കും കൈകൊടുത്ത് അടുത്ത കേന്ദ്രത്തിലേക്ക്. തുറന്ന ജീപ്പിൽ എ സി സഞ്ചരിക്കുന്പോൾ വഴിനീളെ ജനങ്ങൾ അഭിവാദ്യമേകി. കൈകൾ കൂപ്പിയും വീശിയും തിരിച്ചുള്ള സ്‌നേഹപ്രകടനങ്ങൾ. കുന്നംകുളം മണ്ഡലത്തിൽ നടത്തിയ വികസനക്കുതിപ്പ്, സ്വീകരണ കേന്ദ്രങ്ങളിൽ വിവരിക്കുന്പോൾ ജനങ്ങളുടെ നിറഞ്ഞ കൈയടി. പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും വാദ്യമേളങ്ങളുടെ അകന്പടിയോടെയും പ്രിയ സ്ഥാനാർഥിയെ ജനം വരവേറ്റു. എരുമപ്പെട്ടി കാഞ്ഞിരക്കോട് മോസ്‌കോയിൽ തുറന്ന ജീപ്പിൽ നിറഞ്ഞ ചിരിയുമായി വന്നിറങ്ങിയതോടെ ഇൻക്വിലാബിന്റെ ഇൗരടികൾ മുഴങ്ങി. കുന്നംകുളം വീണ്ടും ചുവപ്പണിയുമെന്നതിന്റെ പ്രഖ്യാപനമായ് അത് മാറി. മാറുമറയ്‌ക്കാനുള്ള അവകാശങ്ങൾക്കായി പേരാടിയ വേലൂർ മണിമലർക്കാവിലെ സ്വീകരണം അവിസ്‌മരണീയമായി. വൈകിട്ടോടെ കടങ്ങോട് പഞ്ചായത്തിലേക്ക് പര്യടനം കടന്നതോടെ നാടാകെ ചുവന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ കൊടുന്പ് ചാത്തൻ ചിറയിൽനിന്നാണ് എ സി മൊയ്‌തീന്റെ പര്യടനം തുടങ്ങിയത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് കുന്നംകുളം മണ്ഡലം സെക്രട്ടറി എം എൻ സത്യൻ, പ്രസിഡന്റ് പ്രേമരാജ് ചൂണ്ടലാത്ത്, കെ കൊച്ചനിയൻ, കെ ഡി ബാഹുലേയൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു










0 comments