പാലപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന
ഏഴാറ്റുമുഖം ഗണപതിയെന്ന് നാട്ടുകാർ, അല്ലെന്ന് വനപാലകർ

ചൊവ്വാഴ്ച രാവിലെ ഏഴിന് വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി പിള്ളത്തോടിനു സമീപം റോഡ് മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടം
വരന്തരപ്പിള്ളി
പാലപ്പിള്ളി ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന. കഴിഞ്ഞ ദിവസങ്ങളിൽ കുണ്ടായി, ചക്കിപ്പറമ്പ് പ്രദേശത്തെ വീടുകൾക്ക് സമീപമെത്തിയ ആനയെ പടക്കം പൊട്ടിച്ച് അകറ്റിയെങ്കിലും വീണ്ടും തിരിച്ചുവന്നതായി നാട്ടുകാർ പറയുന്നു. അതിരപ്പിള്ളി മേഖലയിൽ ഉണ്ടായിരുന്ന ഏഴാറ്റുമുഖം ഗണപതി എന്ന ആനയാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇത് ഏഴാറ്റുമുഖം ഗണപതിയല്ലെന്നാണ് വനപാലകർ പറയുന്നത്. നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ കൊമ്പനെ ജനവാസ മേഖലയിൽ നിന്ന് കാടുകയറ്റാൻ വനംവകുപ്പ് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ശാന്തസ്വഭാവമുള്ള ഏഴാറ്റുമുഖം ഗണപതി കുറച്ചുദിവസം മുന്പാണ് അതിരപ്പിള്ളി മേഖലയിൽനിന്ന് പാലപ്പിള്ളിയിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായി മൂന്നുദിവസമാണ് ആന ചക്കിപ്പറമ്പ് മലമ്പതി പ്രദേശത്തെത്തി ഭീതി പരത്തിയത്. ചൊവ്വാഴ്ച രാവിലെ എലിക്കോട് ആദിവാസി ഉന്നതിയിലേക്കുള്ള റോഡിൽ ഇതേ ആന ഇറങ്ങിയതോടെ മേഖലയിൽ താമസിക്കുന്ന ആദിവാസികളും തോട്ടം തൊഴിലാളികളും ഭീതിയിലാണ്. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അവിടെയുള്ള ആനകളെ കാടുകയറ്റിയിരുന്നു. ഇതോടെയാണ് ആനകൾ പാലപ്പിള്ളിയിൽ എത്തിയത്. ആർആർടി സംഘം കാടുകയറ്റിയ ഏഴാറ്റുമുഖം ഗണപതി പാലപ്പിള്ളിയിൽ എത്തിയപ്പോൾ ആക്രമണ സ്വഭാവമുള്ളതായി നാട്ടുകാർ പറയുന്നു. ആനക്കൂട്ടത്തെ കാടുകയറ്റാൻ കൂടുതൽ ആർആർടി സംഘത്തെ നിയോഗിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.










0 comments