അടിമുടി മാറ്റത്തിനൊരുങ്ങി കലാമണ്ഡലം

സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കേരള കലാമണ്ഡലത്തിലെ കവാടത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തി
ചെറുതുരുത്തി
വികസന തേരോട്ടത്തിൽ കലാമണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ച് നടത്തുന്ന സൗന്ദര്യവൽക്കരണം അവസാന ഘട്ടത്തിലാണ്. ഫെബ്രുവരി ആദ്യവാരത്തോടെ ഉദ്ഘാടനം നടക്കും. കലാമണ്ഡലത്തിന് മുൻവശത്ത് ഏറെക്കാലമായി അടച്ചിട്ടിരുന്ന ഡയമണ്ട് ജൂബിലി ഗേറ്റ് തുറന്നു കൊടുക്കും. ഇനിമുതൽ ഇതായിരിക്കും മുഖ്യ കവാടം. കവാടത്തിനോട് ചേർന്ന് വാഹനങ്ങൾക്ക് പ്രവേശിക്കാനായി റോഡ് നിർമിച്ചിട്ടുണ്ട്. കലാമണ്ഡലത്തിനു മുൻവശത്ത് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഗാർഡൻ ഒരുക്കുന്നുണ്ട്. സന്ദർശകർക്കായുള്ള ഇരിപ്പിടങ്ങൾ, എൽഇഡി ലൈറ്റ് സംവിധാനം, കുളം നവീകരണം, പാർക്കിങ് സൗകര്യം, പുല്ലിൽ ഡ്രിപ്പിങ് ഇറിഗേഷൻ സംവിധാനം എന്നിവ നടപ്പാക്കും. പഴയ കലാമണ്ഡലമായ നിള ക്യാമ്പസിൽ കഴിഞ്ഞവർഷം ഒന്നേകാൽ കോടി രൂപ ചെലവിൽ സൗന്ദര്യവൽക്കരണം നടത്തിയിരുന്നു. വള്ളത്തോൾ സ്മൃതി ഉദ്യാനം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ 100 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ തനിമ നിലനിർത്തി നവീകരിച്ചു. ഓപ്പൺ എയർ ഓഡിറ്റോറിയം സജ്ജീകരിച്ചു. കൂടാതെ പരിശീലന കളരികളും നവീകരിച്ചു. രണ്ടാംഘട്ടത്തിൽ വള്ളത്തോൾ സമാധിക്ക് മേൽക്കൂര, നടപ്പാത നവീകരണം എന്നിവ ഉണ്ടാകും. 20 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിന്നമ്മു അമ്മ മെമ്മോറിയൽ ലേഡീസ് ഹോസ്റ്റലിന്റെ നിർമാണം പുരോഗമിക്കുകയാണ്. ആറുമാസത്തിനകം പദ്ധതി പൂർത്തിയാക്കാനാകുമെന്ന് കേരള കലാമണ്ഡലം രജിസ്ട്രാർ ഡോക്ടർ പി രാജേഷ് കുമാർ അറിയിച്ചു.










0 comments