ഇതാ കോൾപ്പാടത്ത് കാട്ടുകൊക്കിന്റെ ചിറകടി

തൃശൂർ
ജില്ലയിലെ പക്ഷിവൈവിധ്യത്തിലേയ്ക്ക് ഒരു അതിഥികൂടി. മലയൻ നൈറ്റ്-ഹെറോൺ എന്ന കാട്ടുകൊക്കിനെ അയനിക്കാട് കോൾമേഖലയിൽ കണ്ടെത്തി. പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ സന്തോഷ് കെ നായരാണ് ഇൗ കാട്ടുപക്ഷിയുടെ ചിത്രം പകർത്തിയത്.
സാധാരണ പശ്ചിമഘട്ടത്തിലെ ഉൾക്കാടുകളിലെ അരുവികളും വെള്ളം നിറഞ്ഞ പ്രദേശവും ആവാസവ്യവസ്ഥയായ പക്ഷിയാണ് കാട്ടുകൊക്ക്. ജില്ലയിലെ കാടുകളിലെ സ്ഥിരവാസിയാണെങ്കിലും സാധാരണ കാണാൻ ബുദ്ധിമുട്ടാണ്. കാടുകളിൽ സ്ഥിരതാമസമാക്കിയ പക്ഷി ആയതിനാൽ ഇതിനെക്കുറിച്ചുള്ള അറിവും കുറവാണ്. ജില്ലയിലെ കാടുകളിൽ കാണാൻ സാധ്യയുള്ള പക്ഷിയാണെങ്കിലും ഇതുവരെ തെളിവോട് കൂടിയ രേഖപ്പെടുത്തൽ ലഭിച്ചിരുന്നില്ല. ഫേ-ാട്ടോ ലഭിച്ചതോടെ ജില്ലയുടെ പക്ഷിവൈവിധ്യത്തിലേയ്ക്ക് ചേർക്കുന്നതിനു നല്ലൊരു തെളിവായെന്ന് കോൾ ബേഡേഴ്സ് കലക്ടീവ് കൂട്ടായ്മയുടെ കോ–ഓർഡിനേറ്ററും പക്ഷിനിരീക്ഷകനുമായ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കാട്ടുകൊക്കാണിത്. നെല്ലിയാമ്പതിയും മലയാറ്റൂരും തട്ടേക്കാട് അടക്കമുള്ള വനമേഖലയിൽ ഇവയുടെ സാന്നിധ്യം നിരവധി തവണ പ്രജനനം അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടുകൊക്കിന്റെ കുടുംബമായ നൈറ്റ് ഹെറോൺ വിഭാഗത്തിൽപ്പെടുന്ന ബ്ലാക്ക്-ക്രൗൺ നൈറ്റ് ഹെറോൺ എന്ന പാതിരാക്കൊക്ക് കോൾപ്പാടത്ത് സാധാരണയായി കാണപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറുതുരുത്തി ദേശമംഗലം വരവൂർ സ്വദേശിയായ സന്തോഷ് കെ നായർ ഹിമാലയൻ പ്രദേശങ്ങളിൽ സൈനികനാണ്. പോകുന്നയിടങ്ങളിലെ പക്ഷികളെ നിരീക്ഷിക്കും. കോൾ ബേഡേഴ്സ് കൂട്ടായ്മയിൽ അംഗമാണ്. അവധിക്ക് നാട്ടിലെത്തിയപ്പോൾ കോൾപ്പാടങ്ങളിലെ പക്ഷി നിരീക്ഷണയാത്രയിലാണ് മലയൻ നൈറ്റ് ഹെറോണിന്റെ ചിത്രം പകർത്താനായത്. കാണാപ്പടവുകൾ അടക്കം പല വന്യജീവി ചിത്രപ്രദർശനത്തിലും സന്തോഷ് പങ്കെടുത്തിട്ടുണ്ട്.










0 comments