തെരുവുനായ ആക്രമണം
നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

തൃശൂര്‍
തെരുവുനായ ആക്രമണം നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംസ്ഥാനത്താകെ ആദ്യഘട്ടത്തില്‍ 4100 സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം. സ്കൂളുകളിലും ആശുപത്രികളിലും തെരുവുനായകളുടെ ആക്രമണം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മതിലും വേലിയുമില്ലാത്ത സ്കൂളുകളും ആശുപത്രികളും കണ്ടെത്തി ഫെന്‍സിങ് സ്ഥാപിക്കും. പരിസരം വൃത്തിയാണെന്ന് ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ കൂടുതല്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) സെന്ററുകള്‍ ആരംഭിക്കും. നിലവില്‍ സംസ്ഥാനത്ത് 20 എബിസി സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. 17 എണ്ണം കൂടി ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. എല്ലാ എബിസി സെന്ററുകള്‍ക്കും പ്രത്യേക വാന്‍ അനുവദിക്കും. എബിസി കേന്ദ്രനിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പോര്‍ട്ടലുകള്‍ ആരംഭിക്കും. ജനങ്ങള്‍ക്ക് അതിവേഗം പരാതി നല്‍കാനും അധികൃതര്‍ക്ക് പരിഹരിക്കാനും ഇതുവഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ. തെരുവുനായ ആക്രമണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ വകുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കും. എന്‍ജിഒകള്‍, മ--ൃഗസ്നേഹികള്‍, മറ്റുസംഘടനകള്‍ എന്നിവയുടെ സഹായത്തോടെ നായകള്‍ക്കായി പുതിയ ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ തുടങ്ങാനും തീരുമാനമായി.











0 comments