ജില്ലയിൽ ആഹ്ലാദ അലയടി

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ തൃശൂർ നഗരത്തിൽ നടത്തിയ പ്രകടനം
തൃശൂർ
ഡൽഹി ജന്തർമന്തറിൽ നടന്ന സമരത്തിൽ പൊലീസ് ഭീകരതയെ അതിജീവിച്ച് വിദ്യാർഥികൾ നേടിയ ജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രകടനവും യോഗവും നടത്തി. മുട്ടുമടക്കി മോദി എന്ന് എഴുതിയ ബാനറുമായി നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. പടപ്പാട്ടുകൾ പാടിയും പടക്കം പൊട്ടിച്ചും മിഠായി വിതരണം ചെയ്‌തുമാണ് പ്രകടനം നടന്നു നീങ്ങിയത്. വിജയാഹ്ലാദ യോഗം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജിഷ്‌ണു സത്യൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. സെക്രട്ടറി ടി അഭിജിത്ത് സംസാരിച്ചു. സമീപകാല ചരിത്രത്തിൽ ഇന്ത്യകണ്ട മഹാസമരമായിരുന്നു ജന്തർമന്തറിലെ വിദ്യാർഥി പോരാട്ടം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയുൾപ്പെടെ വിദ്യാർഥികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. അടിച്ചമർത്താൻ ശ്രമിച്ചവർക്ക് രാജ്യം നൽകിയ താക്കീതാണ്. എടുത്ത തീരുമാനത്തിൽ പിന്നോട്ടുപോവില്ലെന്നു പറഞ്ഞ മോദിക്കും സംഘപരിവാറുകാർക്കും കനത്ത തിരിച്ചടിയും ഭയവും വിതച്ചാണ് സമരം വിജയിച്ചത്. കഴിഞ്ഞ 35 ദിവസമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന പാർലമെന്റ് മാർച്ചിനെ അതിക്രൂരമായാണ് മോദി – ബിജെപി സർക്കാർ നേരിട്ടത്. എഐഎസ്‌എഫ്, എഐവൈഎഫ് ജില്ലാ കമ്മിറ്റിയും നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. മധുരം വിതരണം ചെയ്‌തു.










0 comments