കാമറയ്ക്കും ലെൻസുകൾക്കും തകരാർ
ഫോട്ടോഗ്രാഫർക്ക് 4,06,000 രൂപ നൽകാൻ വിധി

തൃശൂർ
കാമറയ്ക്കും ലെൻസുകൾക്കും തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി. സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറായ തൃശൂർ കോട്ടപ്പടി കണ്ടിക്കൽ വീട്ടിൽ കെ കെ ബൈജു ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കിഴക്കെകോട്ടയിലെ കലാ കാമറ വേൾഡ് ഉടമ, തൃശൂർ കുരിയച്ചിറയിലെ എക്സസ് ഇലക്ട്രോണിക്സ് ഉടമ, എറണാകുളം വൈറ്റിലയിലെ മഡോണ കെയർ സെന്റർ ഉടമ, കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരെ വിധിയായത്. ഹർജിക്കാരൻ കാമറയും ലെൻസുകളും ഉപയോഗിക്കുമ്പോൾ ഫോക്കസ് ഔട്ടാകുന്ന തകരാർ കാണിച്ചു. കൂടാതെ കാമറയുടെ ബോഡിക്കും തകരാറുണ്ടായിരുന്നു. സർവീസിന് നൽകുമ്പോൾ വളരെ വൈകിയാണ് തിരിച്ചുകിട്ടിയിരുന്നത്. കോടതി നിയോഗിച്ച വിദഗ്‌ധ കമീഷണർ പരിശോധന നടത്തി തകരാറുകൾ ശരിവച്ചു. തെളിവുകൾ പരിഗണിച്ച തൃശൂർ ഉപഭോക്തൃ കോടതി പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവർ ഉൽപ്പന്നത്തിന്റെ നിർമാതാവായ സോണി കമ്പനിയോട് ഉൽപ്പന്നത്തിന്റെ വിലയായ 3,66,000 രൂപയും കലാ കാമറ വേൾഡിനോടും ഏക്സസ് ഇലക്ട്രോണിക്സിനോടും മഡോണ കെയർ സെന്ററിനോടും മാനസിക ബുദ്ധിമുട്ടുകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമായി 30,000 രൂപയും ചെലവിലേക്ക് 10,000 രൂപയും നൽകുവാനും വിധിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.










0 comments