സിനിമയെ മനസ്സിലേറ്റിയ മനുഷ്യൻ

പി വി ബിമൽകുമാർ
Published on Sep 03, 2025, 12:33 AM | 1 min read
കൊടുങ്ങല്ലൂർ
പ്രേം നസീർ തകർത്ത് അഭിനയിക്കുന്ന കാലത്ത് ചേരമാൻ തിയറ്ററിൽ കപ്പലണ്ടിയും സിനിമാ പാട്ടുപുസ്തകങ്ങളും വിറ്റ് നടക്കുകയായിരുന്നു അഷറഫ് ചേരമാൻ എന്ന ഏഴുവയസ്സുകാരൻ. ഇതിലൂടെയുള്ള വരുമാനം തികയാഞ്ഞപ്പോൾ പുല്ലുപറിച്ച് ആവശ്യക്കാർക്ക് നൽകും. അപ്പോഴും സിനിമ ഹരമായിരുന്നു. അഞ്ചാം ക്ലാസ് വരെ പഠിച്ച ഈ മനുഷ്യൻ സിനിമയെ ഗൗരവമായി ശ്രദ്ധിക്കാൻ തുടങ്ങി. അഷറഫിനോട് ചോദിച്ചാൽ കേരളത്തിലെ സിനിമാ തിയറ്ററുകളുടെ ചരിത്രം പറയും. ഒരു തിയറ്ററിൽ ആദ്യം റിലീസ് ചെയ്ത സിനിമ മുതൽ പൂട്ടിപ്പോയ തിയറ്ററുകളും ഓർമയിലുണ്ട്. തൃശൂർ ജില്ലയിൽ പൂട്ടിപ്പോയ 150 തിയറ്ററുകളെക്കുറിച്ച് പറയുമ്പോൾ മനസ്സിടറും. ഇപ്പോൾ കേരളത്തിലാകെ 600 തിയറ്ററുകളാണുള്ളതെന്നും ഏറെയും നഷ്ടത്തിലാണെന്നും അഷറഫ് പറഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റിലും ഈസ്റ്റ്മാൻ കളറിലും പിന്നെ കളറിലും സിനിമ മാറിയപ്പോൾ ഓരോ സിനിമകളെക്കുറിച്ചും അഷറഫ് പഠിച്ചു. ആദ്യകാല സിനിമകൾ മുതൽ ഇന്നത്തെ സിനിമകൾ വരെ ഓരോന്നിനെക്കുറിച്ചും കൃത്യമായ വിവരമുണ്ട്. ഓരോ സിനിമാ തിയറ്ററുകളിലും ഉപയോഗിച്ചിരുന്ന പ്രൊജക്ടറുകളുടെ പേരും കമ്പനിയുമെല്ലാം മനഃപാഠമാണ്. പൊളിച്ചുകളഞ്ഞ തിയറ്ററുകൾക്ക് മന്ത്രി സജി ചെറിയാന്റെയും മുൻ മന്ത്രി ഷിബു ബേബി ജോണിന്റെയും പേരുകളുണ്ടായിരുന്നതായും അഷറഫ് പറഞ്ഞു. സജി ടാക്കീസ് മുരുംക്കും പുഴ, ഷിബു ടാക്കീസ് പാലാംകോണം എന്നിവയാണവ. ഈ രണ്ടു തിയറ്ററും ഇരുവരുടെയും കുടുംബത്തിന്റേതായിരുന്നു.ആദ്യകാല സിനിമയുടെ നോട്ടീസുകൾ, പാട്ടുപുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങളെല്ലാം കൈവശമുണ്ട്. സിനിമാ ചരിത്രാന്വേഷകർ അഷറഫിനെ കണ്ട് വിവരങ്ങൾ ശേഖരിക്കൽ പതിവാണ്. മുമ്പ് കാലചക്രം എന്ന സിനിമയിൽ അഭിനയിക്കാൻ പ്രേം നസീർ കൊടുങ്ങല്ലൂരെത്തിയപ്പോൾ ഫോട്ടോ എടുത്തത് ഇന്നും അഭിമാന നിമിഷമായി കരുതുന്നു ഈ നസീർ ആരാധകൻ. കേരളത്തിലെ പൂട്ടിപ്പോയ തിയറ്ററുകളുടെ ചരിത്രം പറയുന്ന പുസ്തകം രചിച്ചിട്ടുണ്ട്. തന്റെ ചലച്ചിത്ര അറിവുകൾ ഇപ്പോൾ സാമൂഹ്യ മാധ്യങ്ങളിലും അഷറഫ് പങ്കുവയ്ക്കുന്നുണ്ട്.









0 comments