തണുത്ത് വിറച്ച നിലയിൽ കൊടുമുടിയിൽ ഉപേക്ഷിക്കപ്പെട്ട യുവതി മരിച്ചു; പങ്കാളിക്കെതിരെ കൊലക്കുറ്റം

വിയന്ന: ഓസ്ട്രിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗ്രോസ്ഗ്ലോക്‌നറിൽ, യുവതി തണുത്തുറഞ്ഞ് മരിച്ച സംഭവത്തിൽ പങ്കാളിക്കെതിരെ കേസ്. 39കാരനായ ഓസ്ട്രിയൻ പൗരനെതിരെയാണ് കൊലപാതകത്തിന് കേസെടുത്തത്. മലകയറുന്നതിൽ പരിചയസമ്പന്നനാണ് ഇയാൾ. യുവതി തുടക്കക്കാരിയും. അതിശൈത്യമുള്ള മഞ്ഞുകാലാവസ്ഥയിൽ 12,460 അടി ഉയരമുള്ള കൊടുമുടിക്ക് വെറും 150 അടി താഴെ വച്ചായിരുന്നു യുവതി മരിച്ചത്. ക്ഷീണിതയായിരുന്ന യുവതിയുടെ ശരീരത്തിലെ താപനില സാധാരണ നിലയേക്കാളും വളരെയധികം താഴെയായിരുന്നു.
സാധാരണയായി പർവതാരോഹകരെ സഹായിക്കുന്ന ഇയാൾ, കൊടുമുടിയുടെ 12,460 അടി ഉയരത്തിൽ നിന്ന് ഏകദേശം 150 അടി താഴെവെച്ച് യുവതിയെ ഉപേക്ഷിച്ച് സഹായം തേടിപ്പോവുകയായിരുന്നു. ആറ് മണിക്കൂറിലധികമാണ് യുവതി അവശയായ നിലയിൽ തനിച്ച് കിടന്നത്. യാത്ര ആസൂത്രണം ചെയ്തയാൾ, മികച്ച പർവതാരോഹണ പരിചയമുള്ളയാൾ എന്ന നിലയ്ക്ക് യുവതിയുടെ സുരക്ഷയ്ക്ക് ഇയാൾക്ക് വലിയ ഉത്തരവാദിത്തമുണ്ടായിരു എന്നാണ് അധികൃതർ വാദിക്കുന്നത്. ഗുരുതരമായ അനാസ്ഥയുടെ പേരിലുള്ള കൊലപാതക കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
ദമ്പതികൾ രണ്ട് മണിക്കൂർ വൈകിയാണ് മലകയറ്റം ആരംഭിച്ചതെന്നും, അവരുടെ പക്കൽ ശരിയായ അടിയന്തര ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, യുവതി അപകടകരമായ ആൽപൈൻ ഭൂപ്രദേശത്തിന് അനുയോജ്യമല്ലാത്ത സ്പ്ലിറ്റ്‌ബോർഡും സോഫ്റ്റ് സ്നോ ബൂട്ടുകളുമാണ് ധരിച്ചിരുന്നത്. 46 മൈൽ വേഗതയുള്ള കാറ്റും മൈനസ് 20 ഡിഗ്രി സെൽഷ്യസിന് തുല്യമായ താപനിലയുമുള്ള തീവ്ര കാലാവസ്ഥയാണ് ഇവർക്ക് നേരിടേണ്ടിവന്നത്.
പങ്കാളിയുടെ പരിചയക്കുറവ് ഇയാൾ അവഗണിക്കുകയും അപകട സൂചനകൾ അവഗണിച്ചുകൊണ്ട് കയറ്റം തുടരുകയും ചെയ്തുവെന്ന് അധികൃതർ ആരോപിക്കുന്നു. കൂടാതെ, രാത്രിക്ക് മുമ്പ് ഇയാൾ അടിയന്തര സേവനങ്ങളെ വിളിക്കുന്നതിൽ പരാജയപ്പെട്ടു. റെസ്ക്യൂ ടീമുകൾ വിളിച്ചപ്പോൾ ഫോൺ സൈലന്റിൽ ഇട്ടതിനാൽ മറുപടി നൽകിയില്ലെന്നും അധികൃതർ പറയുന്നു. പുലർച്ചെ 3:30 ന് മാത്രമാണ് ഇയാൾ സഹായത്തിനായി വിളിച്ചത്. രാവിലെ 10 മണിയോടെ രക്ഷാപ്രവർത്തകർ യുവതിയുടെ അടുത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശക്തമായ കാറ്റ് കാരണം ഹെലികോപ്റ്റർ മുഖേനയുള്ള രക്ഷാപ്രവർത്തനവും വൈകി.








0 comments