പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഎഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു: കെ എൻ ബാലഗോപാൽ

K N Balagopal vision 2031
വെബ് ഡെസ്ക്

Published on Dec 05, 2025, 09:42 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പദ്ധതിയെ മറയാക്കി കേരളത്തിലെ പാവങ്ങളുടെ അരിവിഹിതം തടസ്സപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൽ നിന്നുള്ള രണ്ട് യുഡിഎഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തെ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


അന്ത്യോദയ അന്നയോജന കാർഡുടമകൾക്കുള്ള ധാന്യവിഹിതം കേരള സർക്കാർ നടപ്പാക്കിയ അതിദാരിദ്ര്യ വിമുക്ത പദ്ധതി കാരണം വെട്ടിക്കുറക്കുമോ, ഈ പ്രഖ്യാപനത്തെ തുടർന്ന് എഎവൈ കാർഡുകൾ റദ്ദാക്കുമോ, അതുവഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജൻസികളിൽ നിന്ന് വായ്പയെടുക്കാൻ കഴിയുമോ തുടങ്ങിയ ചോദ്യങ്ങളാണ് എംപിമാർ പാർലമെന്റിൽ ഉന്നയിച്ചത്.


അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ മറുപടി നൽകിയതോടെ എംപിമാരുടെ കുതന്ത്രം പൊളിഞ്ഞു വീണതായി മന്ത്രി പറഞ്ഞു.


നിങ്ങൾ നോക്കൂ, കേരളത്തോട് എത്ര കണ്ട് വിരോധം ആണ് ഇവിടെ നിന്ന് ജയിച്ചു പോയ എംപിമാർക്ക്. കേരളത്തിനു നൽകുന്ന ആനുകൂല്യങ്ങൾ നിങ്ങൾക്ക് വെട്ടിക്കുറച്ചു കൂടെ എന്ന് പരോക്ഷമായി കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു ഇവർ.


കേന്ദ്രം എന്തെങ്കിലും അവ്യക്തമായ ഒരു മറുപടി നൽകിയിരുന്നെങ്കിൽ അതും പൊക്കിപ്പിടിച്ച് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി മൂലം പാവങ്ങളുടെ അരി പോയിരിക്കുന്നു എന്നൊരു പച്ചക്കള്ളവുമായി ഇവർ ഇറങ്ങുമായിരുന്നു. എന്ത് കള്ളത്തരം കാണിച്ചും, കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നതെല്ലാം തടഞ്ഞ് അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുക എന്ന ലക്ഷ്യമേ അവർക്കുള്ളൂ.


ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം മൂത്ത് മൂത്ത് ഇപ്പോൾ കേരളത്തോടുള്ള വിരോധമായി മാറിയിരിക്കുന്നു. ലോകം മുഴുവൻ അംഗീകരിച്ച അതിദാരിദ്ര്യ വിമുക്ത പദ്ധതിയുടെ വിജയത്തിൽ ഇവർക്കുള്ള അസഹിഷ്ണുത തീർക്കാൻ കാണിച്ച ഈ കുതന്ത്രം മലയാളികളോടുള്ള ഒന്നാന്തരം വെല്ലുവിളിയാണ്. ജനങ്ങൾ ഈ മാരീചന്മാരെ തിരിച്ചറിയണം. മന്ത്രി ബാല​ഗോപാൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home