ജിമ്മിൽ ഭാരമുയർത്തുന്നതിനിടെ അപകടം; ബ്രസീലിയൻ മ്യൂസിയം പ്രസിഡന്റ് മരിച്ചു

ഒലിൻഡ: ജിമ്മിൽ ഭാരമുയർത്തുന്നതിനിടെ (വെയിറ്റ് ലിഫ്റ്റിംഗ്) 55-കാരനായ ബ്രസീലിയൻ പൗരൻ ദാരുണമായി മരിച്ചു. ബ്രസീലിലെ ഒലിൻഡയിലെ പ്രമുഖ മ്യൂസിയം പ്രസിഡന്റായ റൊണാൾഡ് മോണ്ടിനെഗ്രോയാണ് മരിച്ചത്.
ജിമ്മിൽ ബെഞ്ച് പ്രസ് ചെയ്യുന്നതിനിടെ മോണ്ടിനെഗ്രോയുടെ കൈകളിൽ നിന്ന് ബാർബെൽ തെന്നി നെഞ്ചിൽ വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ ജിമ്മിലുണ്ടായിരുന്നവർ അദ്ദേഹത്തെ സഹായിക്കാൻ ഓടിയെത്തി. ബാർബെൽ ദേഹത്ത് വീഴുന്നതിൽ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതൊരു അപകട മരണമാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഭീമാകാരമായ പാവകൾക്ക് പ്രസിദ്ധമായ 'പാലാസിയോ ഡോസ് ബോൺകോസ് ജിഗാന്റസ്' (Palacio dos Bonecos Gigantes) എന്ന മ്യൂസിയത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ ഒളിൻഡയിൽ മോണ്ടിനെഗ്രോ വളരെ പ്രശസ്തനായിരുന്നു. 15 അടി വരെ ഉയരത്തിൽ എത്തുന്ന ഭീമാകാരമായ പാവകൾ ഈ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.
മോണ്ടിനെഗ്രോയുടെ വിയോഗത്തിൽ മ്യൂസിയം അധികൃതർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അർപ്പണബോധമുള്ള നേതാവ്, കലാകാരൻ, കാർണിവൽ സംസ്കാരത്തിന്റെ ശക്തമായ പിന്തുണക്കാരൻ എന്നീ നിലകളിലാണ് അവർ മോണ്ടിനെഗ്രോയെ വിശേഷിപ്പിച്ചത്.









0 comments