ദേശീയപാത അപകടം: അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കൊല്ലം: കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടു.
കൊട്ടിയം സിത്താര ജങ്ഷനിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് ആണ് തകർന്നത്. തുടർന്ന് കൊട്ടിയം ടൗണിലും ദേശീയപാതയിലും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്‌നറുകൾ എന്നീ ഹെവി വാഹനങ്ങളും ഗുഡ്‌സ് വാഹനങ്ങളൂം ചവറ കെഎംഎംഎൽ ജങ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിക്കണം.
തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന മറ്റു വാഹനങ്ങൾ കാവനാട്- ആൽത്തറമൂട് -കടവൂർ -കല്ലൂംതാഴം -അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിക്കണം. അല്ലെങ്കിൽ കണ്ണനല്ലൂർ- മീയന്നൂർ- കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് പോകാം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന വാഹനങ്ങൾ അയത്തിൽ -കണ്ണനല്ലൂർ- കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് പോകണം. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ (തീരദേശം റോഡ്) പാരിപ്പള്ളി പരവൂർ -പൊഴിക്കര വഴി പോകണം.








0 comments