ad
Deshabhimani

എറിയാട്ടെ രാസമാലിന്യം 
ഇന്നുമുതൽ നീക്കും

...
വെബ് ഡെസ്ക്

Published on Sep 15, 2026, 12:29 AM | 1 min read

കൊടുങ്ങല്ലൂർ

എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഭൂമിനികത്തിയ രാസമാലിന്യം കലർന്ന മണ്ണ് ചൊവ്വാഴ്ച മുതൽ നീക്കംചെയ്യും. കെ കെ വത്സരാജ് എംഎൽഎയുടെ അധ്യക്ഷതയിൽ ആർഡിഒ വിളിച്ചുചേർത്ത യോഗത്തിലാണ് മാസങ്ങളോളം ജനങ്ങളെ ആശങ്കയിലാക്കിയ രാസമാലിന്യം നീക്കാൻ തീരുമാനിച്ചത്. രാസമാലിന്യം ഭൂവുടമകളുടെയും ലോറി ഉടമകളുടെയും ഉത്തരവാദിത്വത്തിൽ ബിനാനി സിങ്ക് ഫാക്ടറി വളപ്പിൽ തിരികെനിക്ഷേപിക്കും. മണ്ണ് കൊണ്ടുപോകുന്നതിന് എറിയാട് പഞ്ചായത്ത് പാസ്‌ നൽകും. പ്രവൃത്തിക്ക്‌ റവന്യൂ വകുപ്പ്, എറിയാട് പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവ മേൽനോട്ടം വഹിക്കും. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ തോടുകളും കുളങ്ങളും തണ്ണീർത്തടങ്ങളുമാണ് എടയാറിലെ ബിനാനി സിങ്ക് ഫാക്ടറിയിൽ നിന്നുള്ള മാരക രാസമാലിന്യം കലർന്ന മണ്ണ് ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ നികത്തിയത്. എടയാറിലെ പരിസ്ഥിതി പ്രവർത്തകരാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്‌. തുടർന്ന് ആശങ്കയിലായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. മലിനീകരണ നിയന്ത്രണ ബോർഡ് മണ്ണിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസപദാർഥങ്ങൾ കലർന്നതായി കണ്ടെത്തി. അടിയന്തരമായി മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നേതൃത്വത്തിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തി. ഭരണസമിതി നേതൃത്വത്തിൽ എറിയാട് പഞ്ചായത്ത് അധികൃതരും കെ കെ വത്സരാജ്‌ എംഎൽഎയും വിഷയത്തിൽ നിരന്തരം ഇടപെട്ടു. തുടർന്നാണ് ആർഡിഒ വിളിച്ചുചേർത്ത ഭൂവുടമകളുടെയും ലോറി ഡ്രൈവർമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ രാസമാലിന്യം നീക്കംചെയ്യാൻ തീരുമാനമായത്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ, ആർഡിഒ പി ഷിബു, തഹസിൽദാർ കെ പി രമേഷ്, പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ സാറാബി ഉമ്മർ, സ്ഥിരംസമിതി അധ്യക്ഷരായ വി ആർ റെനീഡ്, സരിത പുരുഷൻ, സി കെ ഹാരിസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home