പവർ കട്ടിൽ ജനരോഷം രൂക്ഷം; വിഷയം വഴിതിരിക്കാൻ തരികിട ഇറക്കി സർക്കാർ


സ്വന്തം ലേഖകൻ
Published on Sep 15, 2026, 12:35 AM | 1 min read
തിരുവനന്തപുരം: നാട് ഇരുട്ടിലാകുകയും സർക്കാരിനെതിരെ ജനവികാരം ഉയരുകയും ചെയ്‌തതതോടെ കൈയിലെ സകല തരികിടയും പുറത്തെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും യുഡിഎഫ് അനുകൂല മാധ്യമങ്ങളും.
വിഷയം വഴിതിരിച്ചുവിടാൻ മുൻ സർക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിന്റെ എണ്ണം പെരുപ്പിച്ചാണ് പുതിയ കള്ളക്കഥ. 787 പേരുണ്ടായിരുന്നു എന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
അത്രയില്ലെങ്കിലും 600ലേറെ 700ലേറെ എന്നൊക്കെ ചില മാധ്യമങ്ങളും തട്ടിവിട്ടു. 787 എന്നത് തെളിയിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വെല്ലുവിളി ഇതുവരെ മുഖ്യമന്ത്രി ഏറ്റെടുത്തിട്ടില്ല. 30 വീതം പേഴ്‌സണൽ സ്‌റ്റാഫിനെ വയ്‌ക്കാൻ നിയമപരമായി സാധിക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രി ഒഴികെയുള്ളവർക്ക് പരമാവധി 25 മതിയെന്ന് എൽഡിഎഫ് തീരുമാനിച്ചു.
അങ്ങനെയായാലും 525 പേരേ വരൂ. ചീഫ് വിപ്പിന്റേയും പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്റെയും സ്‌റ്റാഫിലെ 25 വീതം കൂട്ടിയാലും 600 കടക്കില്ല. റോഷി അഗസ്റ്റിൻ, എം ബി രാജേഷ്, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, ആർ ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ എന്നിവർക്ക് 20നും 24നുമിടയിലായിരുന്നു സ്‌റ്റാഫ്.
ഭൂരിപക്ഷവും ഡെപ്യൂട്ടേഷനിൽവന്ന സർക്കാർ ജീവനക്കാർ. അതിനാൽ സർക്കാരിന് അധികബാധ്യതയില്ല. വിവിധ ഘട്ടങ്ങളിലായി അഞ്ച് മന്ത്രിമാർ രാജിവച്ചപ്പോൾ പകരം നാലുപേർ വന്നു. ഒരു മന്ത്രി രാജിവച്ചു പിന്നീട് തിരികെവന്നു. എം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായതിനെതുടർന്ന് രാജിവച്ചപ്പോൾ എം ബി രാജേഷ് മന്ത്രിയായി.
സജി ചെറിയാൻ രാജിവയ്‌ക്കുകയും തിരിച്ചുവരികയുംചെയ്‌തു. കെ രാധാകൃഷ്‌ണൻ രാജിവച്ചപ്പോൾ ഒ ആർ കേളുവും ആന്റണി രാജു രണ്ടരവർഷം കഴിഞ്ഞ് രാജിവച്ചപ്പോൾ കെ ബി ഗണേഷ്‌കുമാറും അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി.
അപ്പോഴൊന്നും പേഴ്‌സണൽ സ്‌റ്റാഫിന്റെ എണ്ണത്തിൽ മാറ്റമുണ്ടായില്ല. മന്ത്രിമാർ മാറുമ്പോൾ ആളുകൾ മാറിയില്ലെങ്കിലും സ്‌റ്റാഫ് നിയമനത്തിന് പുതിയ ഉത്തരവിറങ്ങും. ഇതാണ് തെറ്റായി വ്യാഖ്യാനിക്കുന്നത്.









0 comments