ad
Deshabhimani

അടുക്കള പൂട്ടില്ല, 
ഇവിടെയുണ്ട്‌ ജൈവവാതകം

മുഹമ്മദാലി തന്റെ ജൈവവാതക പ്ലാന്റിന് സമീപം

മുഹമ്മദാലി തന്റെ ജൈവവാതക പ്ലാന്റിന് സമീപം

വെബ് ഡെസ്ക്

Published on Apr 21, 2026, 01:06 AM | 1 min read

ചാവക്കാട്

പാചകവാതകം കിട്ടാക്കനിയായാലും അവിയൂരിലെ മുഹമ്മദാലിയുടെയും അയൽവാസികളുടെയും അടുക്കള പൂട്ടില്ല. നാട്ടുകാര്‍ക്ക് സൗജന്യമായി ജൈവ വാതകം നൽകി പ്രതിസന്ധി മറികടക്കാൻ സഹായിക്കുകയാണ്‌ ചാവക്കാട് പുന്നയൂരിലെ അവിയൂർ പൊന്നമ്പത്തേയില്‍ വീട്ടില്‍ മുഹമ്മദാലി. ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ 2014ലാണ്‌ 27 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ മുഹമ്മദാലി നാട്ടിലെത്തിയത്‌. ചികിത്സയിലൂടെ ക്യാൻസറിനെ മറികടന്നശേഷമാണ്‌ നിലമ്പൂർ സ്വദേശിയുടെ സഹായത്തോടെ വീടിനോട് ചേർന്ന്‌ രണ്ടേക്കറോളം ഭൂമിയിൽ കൃഷി ആരംഭിച്ചത്‌. എഴുന്നേറ്റ് നില്‍ക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു കാർഷികരംഗത്തേക്കുള്ള കാൽവയ്‌പ്‌. അല്‍പ്പം നടന്നുതുടങ്ങിയതോടെ ഒരു പശുവിനെ വാങ്ങി വളര്‍ത്താന്‍ തുടങ്ങി. ചാണകവും ജൈവവാശിഷ്ടങ്ങളും ലഭിച്ചുതുടങ്ങിയതോടെ കൃഷി വിപുലപ്പെട്ടു. പിന്നീട് പശുക്കളുടെ എണ്ണം വര്‍ധിച്ച് 25 വരെയായി. ഇതോടെയാണ് ജൈവ ഗ്യാസ് നിര്‍മിക്കാൻ തുടങ്ങിയത്‌. ജൈവ വാതക ഉൽപ്പാദനം ആരംഭിച്ചതോടെ എൽപിജി ഉപേക്ഷിച്ചു. വീട്ടിലെ ഉപയോഗത്തിന് ശേഷവും ജൈവവാതകം ബാക്കിയായതോടെ അല്‍വാസിക്കും നല്‍കി തുടങ്ങി. ഇപ്പോള്‍ പരിസരത്തെ അ‍ഞ്ച് വീട്ടുകാര്‍ക്കും ജൈവ വാതകം നല്‍കുന്നു. പുന്നയൂര്‍ മേഖലയിലെ അറവുശാലകളിൽനിന്നുള്ള അവശിഷ്ടങ്ങളുടെ സംസ്കരണ കേന്ദ്രം കൂടിയാണ് മുഹമ്മദാലിയുടെ ജൈവ വാതക നിർമാണ പ്ലാന്റ്‌. ഒരു ദിവസം 100 മുതൽ 150 കിലോ വരെ മാലിന്യങ്ങൾ ഇതിൽ നിക്ഷേപിക്കും. നൂറിലധികം ഇനം മാവുകളും വിയറ്റ്‌നാം ഏർലി, റെഡ് ജാക്, ഗംലെസ് തുടങ്ങിയ പ്ലാവുകളും മുഹമ്മദലിയുടെ തോട്ടത്തിലുണ്ട്. ആറോളം ഇനം മാങ്ങ കായ്ക്കുന്ന മാവും അയിനി മരത്തടിയിൽ വളരുന്ന പ്ലാവും അദ്ദേഹം ബഡ് ചെയ്ത് തയ്യാറാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home