ad
Deshabhimani

കൊടുവേലി മിഷനുമായി മറ്റത്തൂർ സൊസൈറ്റി

തൊട്ടാൽ കൈ പൊള്ളും; 
കൃഷിയിറക്കിയാൽ കൈ നിറയും

മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 
കൊടുവേലിത്തൈകള്‍ ഒരുക്കുന്നു

മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 
കൊടുവേലിത്തൈകള്‍ ഒരുക്കുന്നു

avatar
സി എ പ്രേമചന്ദ്രൻ

Published on Jul 31, 2026, 12:15 AM | 1 min read

തൃശൂർ

കൊടുവേലി തൊട്ടാൽ പൊള്ളും, പക്ഷേ കൃഷിയിൽ മെച്ചം നേടാം. കൃഷിയിറക്കാനും വിപണനത്തിനും സഹകരണ സംഘം കൂടെയുണ്ട്‌. ഔഷധ സസ്യ കൃഷിയിൽ വിജയഗാഥകൾ രചിച്ച മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കൊടുവേലി മിഷൻ പദ്ധതി ആരംഭിക്കുന്നു. നിലച്ചുപോയ ചെത്തി കൊടുവേലി കൃഷി പുനരാരംഭിച്ച്‌ ഒ‍ൗഷധസസ്യ കർഷകർക്ക്‌ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ചുവന്ന പൂക്കളുള്ള ചെത്തിക്കൊടുവേലിക്ക്‌ ഔഷധ ഗുണങ്ങളേറെയാണ്‌. കൃഷി ലാഭകരവുമാണ്‌. കൃഷിക്കായി സംസ്ഥാന ഔഷധസസ്യ ബോർഡും മറ്റത്തൂർ സൊസൈറ്റിയും മരുന്നുൽപ്പാദകരും തമ്മിലുള്ള ത്രികക്ഷി കരാറുണ്ടാവും. മറ്റത്തൂർ സൊസൈറ്റിയുടെ കീഴിൽ മദർ നഴ്സറി ഒരുക്കും. തുടർന്ന് കർഷകർക്ക് തൈകൾ നൽകും. കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ കമ്പനികളുമായി 10 വർഷത്തെ വില സ്ഥിരതാ പാക്കേജ് ഉറപ്പുവരുത്തി, മാർക്കറ്റിലെ വിലക്കനുസൃതമായി കർഷകർക്ക് വില ഉറപ്പാക്കാനാണ്‌ കൊടുവേലി മിഷൻ ലക്ഷ്യമിടുന്നത്‌. നിലവിൽ ചെത്തിക്കൊടുവേലിയുടെ കിഴങ്ങിന്‌ മാർക്കറ്റ് വില കിലോക്ക് 500 രൂപ വരെയുണ്ട്. കൊടുവേലിക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പ്ലാംബാഗിൻ എന്ന രാസവസ്തു ശരീരത്തിൽ പൊള്ളലേൽപ്പിക്കും. അതുകൊണ്ട്‌ പന്നി, കാട്ടാന എന്നിവയുടെ ശല്യം കുറവാണ്‌. അതിനാൽ വന്യജീവിശല്യമുള്ള മലയോര മേഖലയിൽ ഉൾപ്പെടെ കൃഷി ചെയ്യാം. ഒരേക്കറിൽനിന്ന് മൂന്ന്‌ ടൺ മുതൽ അഞ്ചുടൺവരെ കൊടുവേലിക്കിഴങ്ങ് ലഭിക്കും. കിഴങ്ങ്‌ പറിക്കുന്പോൾ കൈയുറയിട്ട്‌ പറിക്കണം. ആയുർവേദ മരുന്നു നിർമാണ ശാലകളും ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ നിർമിക്കുന്നവരുമാണ് ചെത്തിക്കൊടുവേലിയുടെ ഉപയോക്താക്കൾ. കൊടുവേലി കൃഷി ഇല്ലാതായതോടെ പല കമ്പനികളും പ്രതിസന്ധിയിലാണ്‌. ഇത്‌ പരിഹരിക്കാൻ "കൊടുവേലി മിഷൻ– 2030" പ്രകാരം 100 ടൺ ഫ്രഷ് ചെത്തിക്കൊടുവേലിയാണ് ഉൽപ്പാദിപ്പിക്കുക. വെള്ളിയാഴ്‌ച സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന സെമിനാറിൽ വിവിധ കമ്പനികളുമായി സൊസൈറ്റി ധാരണാപത്രം ഒപ്പുവയ്ക്കും. ഗുരുവായൂർ ദേവസ്വത്തിന് കദളിപ്പഴവും ഔഷധിക്ക് പാവയ്‌ക്ക, കുറുന്തോട്ടി എന്നിവ മറ്റത്തൂർ ലേബർ സംഘത്തിന്റെ കീഴിൽ നാല്‌ ജില്ലകളിലായി കൃഷി ചെയ്തുവരുന്നുണ്ട്. അതുവഴിയും കർഷകർക്ക്‌ തുണയാകുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home