കലാഭവന്‍ നവാസ്
വളർന്നത് വടക്കാഞ്ചേരിയുടെ മണ്ണിൽനിന്ന്

തൃശൂര്‍
മലയാള നാടകങ്ങളിലും സിനിമകളിലും അഭിനയത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച അബൂബക്കറിന്റെ മകനായിട്ടും കലാഭവന്‍ നവാസ് വടക്കാഞ്ചേരിയുടെ മണ്ണില്‍നിന്ന് മിമിക്രി, സിനിമാ രംഗങ്ങളില്‍ ചുവടുറപ്പിച്ചത് സ്വപ്രയത്നം കൊണ്ടായിരുന്നു. അബൂബക്കറിന്റെ മരാത്തുകുന്നിലെ വീട്ടിലാണ് സഹോദരന്മാരായ നവാസ് ബക്കറിനും നിയാസിനൊപ്പം നവാസ് വളര്‍ന്നത്. സ്കൂള്‍ കാലഘട്ടത്തില്‍ മിമിക്രിയിലും പാട്ടിലും തിളങ്ങി. നാടകങ്ങളിലൂടെ അഭിനയത്തിലും മിടുക്കനാണെന്ന് തെളിയിച്ചു. മരാത്തുകുന്നിലെ സനം, നാദം എന്നീ ക്ലബ്ബുകളിലൂടെ നിരവധി തവണ കലാപ്രകടനങ്ങള്‍ നടത്തി. പഠിച്ച ഓട്ടുപാറയിലെയും വടക്കാഞ്ചേരിയിലെയും സ്കൂളുകളില്‍ മിന്നും താരമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ വടക്കാഞ്ചേരി വിട്ട് മാതാവിന്റെ എറണാകുളത്തെ വീട്ടിലേക്ക് നവാസ് താമസം മാറി. സിനിമാഭിനയ മോഹമായിരുന്നു ഇതിനുപിന്നില്‍. അപ്പോഴേക്കും നവാസും നിയാസ് ബക്കറും മിമിക്രി കലാകാരനെന്ന ഖ്യാതി നേടിയിരുന്നു. കോമഡി പരിപാടികളിലും ക്ഷേത്രപരിപാടികളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. മിമിക്രിയെ ചവിട്ടുപടിയാക്കി കലാഭവന്‍ നവാസ് സിനിമയിലെത്തിയതോടെ ഭരതനും ഒടുവില്‍ ഉണ്ണികൃഷ്ണനും കലാമണ്ഡലം ഹൈദരാലിയും കെപിഎസി ലളിതയും പിറന്ന വടക്കാഞ്ചേരിയുടെ സ്വന്തം കലാകാരനെന്ന ഖ്യാതി കലാഭവന്‍ നവാസും നേടി. മരാത്തുകുന്നിലെ കുടുംബവീട് വില്‍ക്കുംവരെ കലാഭവന്‍ നവാസ് ഇടയ്ക്കിടെ വടക്കാഞ്ചേരിയിലെത്തുമായിരുന്നു. വരവില്ലാതായെങ്കിലും വടക്കാഞ്ചേരിയിലുണ്ടായിരുന്ന സൗഹൃദങ്ങളെല്ലാം നവാസ് സൂക്ഷിച്ചിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കലാകാരന്റെ അപ്രതീക്ഷിതമരണം വിശ്വസിക്കാനാവാത്ത സ്ഥിതിയിലാണ് കൂട്ടുകാരും നാട്ടുകാരും.









0 comments