മാലിന്യസംസ്കരണം പഠിക്കാൻ ആന്ധ്രപ്രദേശ് സംഘം വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരി നഗരസഭ കുമ്പളങ്ങാട് മാലിന്യ സംസ്കരണ പ്ലാൻറ് ആന്ധ്രപ്രദേശ് സംഘം സന്ദർശിക്കുന്നു
വടക്കാഞ്ചേരി
നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ആന്ധ്രപ്രദേശ് സംഘം നഗരസഭയിലെത്തി. വടക്കാഞ്ചേരി കുമ്പളങ്ങാട് ജൈവ മാലിന്യ സംസ്കരണ പ്ലാന്റായ ഡി വാട്ടർഡ് കമ്പോസ്റ്റ് പ്ലാന്റ് മാതൃക കാണാനാണ് സംഘം എത്തിയത്. കേരളത്തിലെ മികച്ച ജൈവ മാലിന്യ സംസ്കരണ രീതികൾ കണ്ടുപഠിക്കുന്നതിന്റെ ഭാഗമായാണ് വടക്കാഞ്ചേരി നഗരസഭയുടെ ഡി വാട്ടർഡ് കമ്പോസ്റ്റ് പ്ലാന്റ് സംഘം സന്ദർശിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം മികച്ചതാണെന്നും പ്രകൃതി സൗഹൃദപരമായി ഉപയോഗിക്കുന്നതിനാൽ ഒരു മാതൃകാ പദ്ധതിയാണെന്നും സംഘം അഭിപ്രായപ്പെട്ടു. ആന്ധ്രപ്രദേശിലെ ചിറ്റൂർ മുനിസിപൽ കോർപറേഷൻ കമീഷണർ നരസിംഹ പ്രസാദ്, രാജമുദ്ര മുനിസിപ്പൽ കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. വിനുതന, എക്സിക്യൂട്ടീവ് എൻജിനിയർ ഷക്കീർ ഹുസൈൻ, കമീഷണർ ഡയറക്ടറേറ്റ് ഓഫ് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ കൺസൽടന്റ് പി സുനന്ദ, സ്വപ്‌നിക എന്നിവരാണ് സംഘത്തിലുള്ളത്. വടക്കാഞ്ചേരി നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദികുൾ അക്ബർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ അഞ്ജലി കെ ഉല്ലാസ് എന്നിവരും പങ്കെടുത്തു.










0 comments