പാവറട്ടി തിരുനാൾ സമാപിച്ചു

പാവറട്ടി
പൊന്നിൻകുരിശുകളും മുത്തുക്കുടകളുമായി തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തോടെ സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ തിരുനാളിന് സമാപനമായി. അലങ്കരിച്ച രൂപക്കൂട്ടിലാണ് വി. യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണവീഥിയിലൂടെ എഴുന്നള്ളിച്ചത്. പ്രാർഥനാ ഗാനങ്ങളും വാദ്യമേളങ്ങളും അകമ്പടിയായി. ഇടവകയിലെ 81 കുടുംബ യൂണിറ്റുകളിലെ പ്രസിഡന്റുമാർ പൊന്നിൻകുരിശുകൾ കൈകളിലേന്തി അനുഗമിച്ചു. പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെത്തി തിരിച്ച് ദേവാലയത്തിൽ പ്രവേശിച്ചു. ലില്ലിപ്പൂ കൈകളിലേന്തിയ കുട്ടികൾ അണിനിരന്നു. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു. ഞായർ രാവിലെ 9ന് ഇംഗ്ലീഷ് കുർബാനയും വൈകിട്ട് 3ന് തമിഴ് കുർബാനയും ഉണ്ടായി. രാവിലെ 10ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. പോൾ തേക്കാനത്ത് മുഖ്യ കാർമികനാകനായി. ഫാ. അലക്‌സ് മരോട്ടിക്കൽ സന്ദേശം നൽകി. വൈകിട്ട് 7ന് നടന്ന പാട്ടു കുർബാനക്ക് ശേഷം വടക്കു ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് ആരംഭിച്ചു. വിവിധ സമുദായങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വളയെഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ എത്തിയതോടെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തിരുകർമങ്ങൾ സമാപിച്ചു. തിരുനാളിന് തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി, അസി. വികാരിമാരായ ഫാ. ഗോഡ്‌വിൻ കിഴക്കൂടൻ, ഫാ. നിവിൻ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ ഒ ജെ ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, കെ ജെ വിൻസെന്റ്, വിൽസൺ നീലങ്കാവിൽ, സേവ്യർ അറയ്ക്കൽ, ജോബി ഡേവിഡ്, പിആർഒ റാഫി നീലങ്കാവിൽ, സി വി സേവ്യർ, ജോൺ ഒ പുലിക്കോട്ടിൽ, ബൈജു ലൂവീസ് എന്നിവർ നേതൃത്വം നൽകി. കാഴ്ചകളുടെ കാർണിവൽ തുടരും പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ 149 –-ാം തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന കലാസന്ധ്യകൾ തിങ്കളാഴ്ച തുടങ്ങും. വൈകിട്ട് ഏഴിന് വടക്ക് ഭാഗം തിരുനാൾ ആഘോഷ കമ്മിറ്റി ഒരുക്കുന്ന സ്പ്ലാഷ് 2025 അരങ്ങേറും. ചൊവ്വ സീനിയർ സിഎൽസി ഒരുക്കുന്ന അരങ്ങേറ്റം, ബുധൻ കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം തച്ചൻ, വ്യാഴം പുണ്യാളൻ ബ്രദേഴ്‌സ് ഒരുക്കുന്ന മെഗാ ഫ്യൂഷൻ നൈറ്റ് 2025, വെള്ളി പാവറട്ടി സെന്റ് ജോസഫ് കലാ കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം ‘അറിവിന്റെ തമ്പുരാൻ’ എന്നിവ നടക്കും. ശനി ക്ലെയ്പ്സോ നൈറ്റ് ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റി ഒ ജെ ഷാജൻ, കലാസന്ധ്യ കമ്മിറ്റി കൺവീനർ സി എ സണ്ണി, പിആർഒ റാഫി നീലങ്കാവിൽ എന്നിവർ അറിയിച്ചു.









0 comments