ഒടുവിൽ ജാമ്യം; മലയാളിയായ മുൻ ഡൽഹി സർവകലാശാല പ്രൊഫ. ഹാനി ബാബു പുറത്തേക്ക്

മുംബൈ: ഭീമ-കൊറേഗാവ് -എൽഗാർ പരിഷത് കേസിൽ ജയിലിൽ കഴിയുന്ന മലയാളിയായ മുൻ ഡൽഹി സർവകലാശാല പ്രൊഫ. ഹാനി ബാബുവിന് ജാമ്യം. അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. കേസിന്‍റെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും ഇത്രയധികം വർഷത്തിലധികമായി ജയിലിലാണെന്നും ഹാനിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
നിലവില്‍ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹാനി ബാബുവിന്റെ ചികിത്സ നിഷേധിച്ചുവെന്ന പരാതി മുൻപ് കുടുംബം ഉന്നയിച്ചിരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും അധികാരികള്‍ വൈദ്യചികിത്സ നിഷേധിച്ചുവെന്നുമായിരുന്നു പരാതി.
എന്നാൽ, ജാമ്യം അനുവദിക്കരുതെന്നും കേസിലെ മറ്റ് പ്രതികളായ റോണ വിൽസൺ, സുധീർ ധവാലെ എന്നിവർ ജയിലിൽ കിടന്ന അത്രയുംകാലം ഹാനി ബാബു ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും എൻഐഎ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
2020 ജുലൈ 28നാണ് യുഎപിഎ ചുമത്തി ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജി എൻ സായിബാബയെ പിന്തുണച്ചുവെന്നതും എൻഐഎ ഹാനി ബാബുവിന് എതിരായി ഉന്നയിച്ചിരുന്നു.








0 comments