മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല; അറസ്റ്റ് ചെയ്യാമെന്ന് കോടതി; പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ നിർണായകമായി

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബലാത്സംഗം, നിർബന്ധിതവും അശാസ്‌ത്രീയവുമായ ഗർഭഛിദ്രം കേസുകളിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയും കോടതി തള്ളി. ബുധൻ, വ്യാഴം ദിവസങ്ങളിലായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലായിരുന്നു വാദം.
പ്രതിഭാഗം ഉന്നയിച്ച എല്ലാവാദങ്ങളും കോടതിതള്ളി. മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനിൽക്കും എന്നാണ് കോടതിയുടെ നിരീക്ഷണം. മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് യാതൊരു വിലക്കുമില്ല.
നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. പൊലീസ് റിപ്പോർട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. കൂടാതെ മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളുമുണ്ട്. കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി. യുവതിയെ ക്രൂരമായി ഉപദ്രവിച്ചു. കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള സ്‌ത്രീ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ബലാത്സംഗക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിലുള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘംതന്നെ അന്വേഷിക്കും.
രണ്ടാം ദിനം വാദം തുടങ്ങുന്നതിന് മുൻപായി മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിൽ എത്തിച്ച ഡ്രൈവറും സഹായിച്ച ഹോട്ടൽ ഉടമയും പിടിയിലായി. ഇരുവരെയും രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചതായി സൂചന. മാങ്കൂട്ടത്തിലിനെ ബാംഗ്ലൂർ എത്തിച്ച ശേഷം എവിടേക്ക് പോയി, ആരുടെയൊക്കെ സഹായം ഇതിനായി ലഭിച്ചിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങളാണ് ഇവരിൽ നിന്നറിയാനുള്ളത്. ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ ഒളിവിൽ കഴിയാൻ അവിടുത്തെ കോൺഗ്രസ് നേതാക്കളാണ് സഹായിക്കുന്നതെന്നും സംസ്ഥാനത്തെ ഒരു നേതാവാണ് ഇതിനെ ഏകോപിപ്പിക്കുന്നതെന്നുമുള്ള വിവരം മുൻപ് പുറത്തുവന്നിരുന്നു.








0 comments