ഹൂതികൾ തടവിലാക്കിയ മലയാളി മോചിതനായി

ന്യൂഡൽഹി: യെമനിൽ ഹൂതി വിമതർ തടവിലാക്കിയ കായംകുളം സ്വദേശിയായ മുൻ സൈനികൻ അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു. പത്തിയൂർ സ്വദേശിയായ 52 കാരനായ രവീന്ദ്രൻ ജൂലൈ ഏഴ് മുതൽ ഹൂതി നിയന്ത്രണത്തിലുള്ള യെമൻ സുരക്ഷാ സേനയുടെ തടവിലായിരുന്നു.
രവീന്ദ്രൻ ബുധനാഴ്ച മസ്‌കറ്റിൽ എത്തിയെന്നും ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. മോചനത്തിന് സൗകര്യമൊരുക്കിയ ഒമാൻ സുൽത്താനേറ്റിനോട് നന്ദി രേഖപ്പെടുത്തി.
പത്തിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രൻ 19 വർഷം സൈനികനായി സേവനമനുഷ്ഠിച്ചിരുന്നു. ഫെബ്രുവരി 22നാണ് പാലക്കാട്ടെ ഏജൻസി മുഖേന ഗ്രീക്കിലെ സീ ഗാർഡൻ മാരിടൈം സെക്യൂരിറ്റി കമ്പനിയിൽ അനിൽകുമാർ ജോലിയിൽ പ്രവേശിച്ചത്.
ഇസ്രായേൽ-ഗാസ സംഘർഷം തുടരുന്നതിനിടെ തീവ്രവാദികൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിലെ എലാത്ത് തുറമുഖത്തേക്ക് പോകുകയായിരുന്ന എംവി എറ്റേണിറ്റി സി ഇരയാക്കപ്പെട്ടു. ജൂലൈ ഏഴിന് ഹൂതികൾ കപ്പൽ ആക്രമിച്ചു.
ആക്രമണത്തിൽ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ 11 പേരെ യുറോപ്യൻ യൂണിയൻ നാവിക സേന രക്ഷപെടുത്തി. എന്നാൽ അനിൽകുമാർ ഉൾപ്പെടെ ശേഷിച്ചവർ ഹൂതികളുടെ പിടിയിലായി.
ആക്രമണത്തിൽ 25 അംഗ ക്രൂ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ മൂന്ന് പേർ ഫിലിപ്പീൻസുകാരും ഒരാൾ റഷ്യക്കാരനുമാണ്.
ജൂലൈ 07 മുതൽ യെമനിൽ തടവിലാക്കപ്പെട്ട അനിൽകുമാർ രവീന്ദ്രന്റെ മോചനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.








0 comments