മാളയിൽ ജ്വല്ലറിയിൽ മോഷണം
അതിഥിത്തൊഴിലാളി അറസ്റ്റിൽ

ജിബു സർക്കാർ
മാള
മാളയിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ 36 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ ജിബു സർക്കാർ (26) എന്ന അതിഥിത്തൊഴിലാളിയാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് മാള വലിയപറമ്പിലുള്ള ആലത്തൂർ സ്വദേശി പഷ്ണത്ത് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള നവരത്നം ജ്വല്ലറിയിൽ മോഷണം. ഷോക്കേസിൽ സൂക്ഷിച്ചിരുന്ന 1,58,000 രൂപ വിലമതിക്കുന്ന 13 ഗ്രാം സ്വർണാഭരണങ്ങളും മേശയിൽ ഉണ്ടായിരുന്ന 21,000 രൂപ വിലവരുന്ന 100 ഗ്രാം വെള്ളിയാഭരണങ്ങളുമാണ് മോഷ്ടിച്ചത്. മോഷണശേഷം ജിബു സർക്കാർ അന്നമനടയിലെ ലേബർ ക്യാമ്പിൽ ഒളിവിലായിരുന്നു. മോഷണത്തിന് മുന്പ് ജ്വല്ലറിയിലെ മുമ്പിലെ സിസിടിവി കാമറ ഫ്ലെക്സ് ബോർഡ് വച്ച് മറച്ചശേഷമാണ് പൂട്ട് തകർത്ത് അകത്തുകടന്നത്. ആഭരണങ്ങൾ പ്രതിയുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി സി എൽ ഷാജു, മാള എസ്എച്ച്ഒ സജിൻ ശശി, എസ്ഐ പി എം റഷീദ്, എ എസ്ഐമാരായ രാജീവ് നമ്പീശൻ, നജീബ് ബാവ, ഇ എസ് ജീവൻ, സീനിയർ സിപിഒ ടിഎസ് ശ്യാം, സിപിഒമാരായ കെ എസ് ഉമേഷ്, ഇ ബി സിജോയ്, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.








0 comments