രാജ്യത്ത് വിമാനയാത്ര പ്രതിസന്ധിയിലേക്ക്, നൂറുകണക്കിന് സർവ്വീസുകൾ ദിവസവും റദ്ദാവുന്നു, ലക്ഷങ്ങൾ ദുരിതത്തിൽ

DDD
വെബ് ഡെസ്ക്

Published on Dec 05, 2025, 11:22 AM | 3 min read

ന്യൂഡൽഹി: രാജ്യമെമ്പാടും യാത്രക്കാരെ വലച്ച് ഇൻഡിഗോ എയർലൈൻസിന്റെ വിമാന റദ്ദാക്കലും കാലതാമസവും തുടരുന്നു. വെള്ളിയാഴ്ച പുലർച്ചെ മുതൽ സർവ്വീസ് നടത്തേണ്ടിയിരുന്ന 400-ലധികം വിമാനങ്ങൾ റദ്ദാക്കി. വിവിധ വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങൾ വൈകി.


വെള്ളിയാഴ്ച രാവിലെ മാത്രം ഡൽഹി വിമാനത്താവളത്തിൽ പുറപ്പെടലും വരവും ഉൾപ്പെടെ 220-ലധികം വിമാനങ്ങളും ബാംഗ്ലൂർ വിമാനത്താവളത്തിൽ 100-ലധികം വിമാനങ്ങളും റദ്ദാക്കിയതായി പിടിഐ റിപ്പോർട് ചെയ്തു. ഹൈദരാബാദ് വിമാനത്താവളത്തിൽ 90-ലധികം വിമാനങ്ങൾ റദ്ദാക്കി.


കേരളത്തിൽ കോഴിക്കോട് ഇന്നലെ 20 വിമാനങ്ങളും നെടുംബാശ്ശേരിയിൽ 40 സർവ്വീസും തിരുവനന്തപുരത്ത് 26 സർവ്വീസും മുടങ്ങി. രാജ്യത്തെ ആറ് മെട്രോ വിമാനത്താവളങ്ങളിലെ ഇൻഡിഗോയുടെ കൃത്യസമയ പ്രകടനം വ്യാഴാഴ്ച ഏറ്റവും പരിതാപകരമായ നിലയിലെത്തി. 8.5 ശതമാനമായി കുറഞ്ഞതായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു.

ഇൻഡിഗോ ഇതര യാത്രക്കാർക്കും ദുരിതം


കേന്ദ്രസർക്കാരിന്റെ “ഒത്തുകളി കുത്തകവൽക്കരണ”മാണ് വിമാന സർവ്വീസ് മേഖലയിൽ ഇപ്പോഴത്തെ അനിശ്ചിതത്വം സൃഷ്ടിച്ചതെന്ന് വിമർശനം ഉയർന്നു. ദിവസവും 3.8 ലക്ഷം യാത്രക്കാർ ആശ്രയിക്കുന്ന വലിയ സ്വകാര്യ സർവ്വീസാണ് ഇൻഡിഗോയുടേത്. യാത്രക്കാർ കണക്ഷനായി ആശ്രയിക്കുന്ന സർവ്വീസുകൾ വ്യത്യാസപ്പെടാം. ഇത് ഇതര വിമാന കമ്പനികളുടെ സർവ്വീസുകളെയും അനിശ്ചിതത്വത്തിലാക്കുന്നത് തുടരുന്നു.


2024 ൽ നടപ്പാക്കേണ്ടിയിരുന്ന പൈലറ്റുമാരുടെയും ക്രൂവിന്റെയും തൊഴിലും വിശ്രമവും സംബന്ധിച്ച നിബന്ധനകൾ ഉൾപ്പെടുന്ന ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ഡൽഹി ഹൈക്കോടതി വിധിയെ തുടർന്ന് പ്രാബല്യത്തിലാക്കി. ഇതോടെ ക്രൂവിന്റെ വിടവ് നേരിടാൻ പ്രതിസന്ധി നേരിട്ടു.


ഒരു വർഷം മുൻപ് നടപ്പാക്കേണ്ടിയിരുന്ന നിബന്ധനകൾ ഇൻഡിഗോയുടെയും ടാറ്റയുടെ കീഴിലായ എയർ ഇന്ത്യയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ദീർഘിപ്പിച്ചത്. മാത്രമല്ല ഇത് നടപ്പാക്കുന്നത് രണ്ട് ഘട്ടങ്ങളിലാക്കി സൌകര്യപ്പെടുത്തി നൽകുകയും ചെയ്തിരുന്നു. ഇതിനിടയിൽ ലഭിച്ച സമയം ഉപയോഗപ്പെടുത്താതെ യാത്രക്കാരെയും രാജ്യത്തെ മൊത്തം വ്യോമയാന സംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളാകുന്നത് വരെ കാത്തിരുന്നതാണ് പ്രതിസന്ധി വർധിപ്പിച്ചത്. ഇതിന് ഒരു വിമാന കമ്പനി ധൈര്യപ്പെടുന്ന സാഹചര്യം അസാധാരണമാണ്.


കുത്തകകൾക്കൊപ്പം ഒത്തുകളിയോ


വൻ പ്രതിസന്ധിയും പ്രതിഷേധവും ഉയർന്നിട്ടും കേന്ദ്ര സർക്കാരോ വ്യോമയാന മന്ത്രാലയമോ കാര്യക്ഷമമായ ഇടപെടൽ നടത്തിയില്ല. വെറും പ്രസ്താവനകളിൽ ഒതുക്കി. ഇൻഡിഗോയുടെ സമ്മർദ്ദ തന്ത്രത്തെ പിന്നിൽ നിന്ന് പിന്താങ്ങുകയാണോ എന്ന സംശയം ഉയർന്നു കഴിഞ്ഞു. കോടതി വിധിയായതിനാൽ സർക്കാരിന് നേരിട്ട് വിമാന കമ്പനികൾക്ക് അനുകൂലമായി ഇടപെടാൻ കഴിയില്ല. ഇതിന് പകരം അനിശ്ചിതത്വത്തെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ്.


“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഇൻഡിഗോ വിമാന തടസ്സങ്ങൾ സംബന്ധിച്ച സ്ഥിതിഗതികൾ സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്” എന്ന പതിവ് പ്രസ്താവന ആവർത്തിക്കപ്പെടുന്നത് മാത്രമാണ് ഔദ്ധ്യോഗിക നടപടി എന്ന നിലയ്ക്ക് പുറത്ത് വന്നിട്ടുള്ളത്.


ഒരു തവണ താളം തെറ്റിയാൽ


ഇപ്പോഴത്തെ നിലയിൽ 2026 ഫെബ്രുവരി 10 എങ്കിലുമായാലെ വിമാന പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർവ്വ സ്ഥിതിയിലേക്ക് എത്തുകയുള്ളൂ എന്നാണ് വ്യോമയാന രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. വിമാന സർവ്വീസ് ഷ്യെഡ്യൂളുകൾ തയാറാക്കുകയും അവ വീതിച്ച് നൽകുകയും ഉറപ്പാക്കുകയും ചെയ്യുന്നത് ഒട്ടനവധി ഘടങ്ങളെ ആശ്രയിച്ചുള്ള പ്രക്രിയയാണ്. ഇത് ഒരു തവണ താളം തെറ്റിയാൽ തിരികെ സാധാരണ നിലയിലേക്ക് എത്തിക്കുക ശ്രമകരവും സമയം എടുക്കുന്നതുമാണ്.


 കോടതി വിധി മറികടന്ന് എഫ്ഡിടിഎൽ നിബന്ധന നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള വിമാന കമ്പനി കുത്തകകളുടെ ശ്രമമായും ഇത് വിമർശിക്കപ്പെടുന്നു. സ്വഭാവികമായും ഈ നിബന്ധന പൈലറ്റ് ഉൾപ്പെടെ ക്രൂവിന്റെ തൊഴിലും വിശ്രമവും സേവനവേതന ഘടങ്ങളുമായി ബന്ധപ്പെട്ട് വിമാന കമ്പനികൾക്ക് ചെലവ് വരുത്തുന്നതാണ്. ആധുനിക വ്യേമയാന നിയമങ്ങൾക്ക് ഇണങ്ങുന്ന വിധം നിബന്ധനകൾ മാറ്റിത്തീർക്കുന്നതാണ് പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ.


PTI


പുതിയ നിയന്ത്രണങ്ങൾക്ക് എത്രത്തോളം അധിക ബഫർ (ക്രൂ, ഷെഡ്യൂളിംഗ് സ്ലാക്ക്) ആവശ്യമാണെന്ന് ഇൻഡിഗോ തിരിച്ചറിയാത്ത സാഹചര്യമാണ് ഉണ്ടായത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറപ്പെടുവിച്ച പ്രത്യേകമായി പരിഷ്കരിച്ച ഡ്യൂട്ടി-ടൈം നിയമങ്ങൾ പൈലറ്റുമാർക്ക് പറക്കാൻ കഴിയുന്ന സമയം പരിമിതപ്പെടുത്തുന്നതാണ്. ഈ കർശനമായ മാനദണ്ഡങ്ങൾ ഡ്യൂട്ടിക്കിടയിൽ കൂടുതൽ വിശ്രമ കാലയളവ് ഉറപ്പക്കുന്നുണ്ട്. സമീപകാലത്ത് രാജ്യത്തുണ്ടായ വിമാന ദുരന്തങ്ങൾ ഇക്കാര്യത്തിൽ നവീകരണ ആവശ്യം ഉയർത്തുകയും ചെയ്തു.


പുതിയ നിയമങ്ങൾ ഇൻഡിഗോയുടെ ക്രൂ റോസ്റ്ററിംഗിനെ അവതാളത്തിലാക്കിയ സാഹചര്യമാണ്. ഇന്ത്യയിലേത് ഏറ്റവും വലുതും തിരക്കേറിയതുമായ ഫ്ലൈറ്റ് നെറ്റ്‌വർക്കുകളിൽ ഒന്നാണ്. രാത്രി, പുലർച്ചെ എന്നിങ്ങനെയാണ് ഏറ്റവും അധികം സർവ്വീസുകൾ. അതിനുപുറമെ, സാങ്കേതിക തകരാറുകൾ, വിമാനത്താവളങ്ങളിലെ തിരക്ക്, സീസണൽ വോളിയം വർദ്ധനവ് എന്നിവ എയർലൈൻ നേരിട്ടതായി പറയുന്നു. ഈ സാഹചര്യത്തിൽ ക്രൂ ലഭ്യതയിലെ നേരിയ കുറവ് പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നത് വ്യക്തമായിരുന്നു.


പക്ഷെ, എയർലൈൻ കമ്പനികൾക്ക് എതിർപ്പുകളോ വെല്ലുവിളികളോ ഉണ്ടായിരുന്നു എങ്കിലും പരിഹരിക്കാൻ ദീർഘകാല ഇടവേള ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരും ഇതിൽ നിശ്ശബ്ദത പാലിച്ച് നീട്ടിക്കൊണ്ട് പോകാൻ അവസരം നൽകി. കോടതി ഇടപെടലോടെ കാര്യങ്ങൾ കൈവിട്ടു. നിബന്ധനകൾ നടപ്പാക്കേണ്ടി വന്നു.


നഷ്ടം രാജ്യത്തിന്


ഇതുവരെയുള്ള കണക്ക് പ്രകാരം ഇൻഡിഗോ വ്യാഴാഴ്ച മാത്രം 550-ലധികം വിമാനങ്ങളും വെള്ളിയാഴ്ച രാവിലെ 400 വിമാനങ്ങളും റദ്ദാക്കി. നൂറുകണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികൾ തടസ്സപ്പെട്ടു. കാലതാമസം, റദ്ദാക്കൽ എന്നിവയുടെ നിസ്സഹായതയ്ക്ക് വില നൽകുന്നത് അധികവും സാധാരണ യാത്രികരാണ്. വിസ കാലാവധി കഴിയുന്നവർക്ക് തൊഴിൽ നഷ്ടവും സംഭവിക്കും.


ക്രിസ്മസ് ന്യൂഇയർ സീസൺ ആയതോടെ യാത്രക്കാരുടെ തിരക്ക് വർധിച്ചു കൊണ്ടിരിക്കുന്ന സമയവുമാണ്. അടുത്ത 2-3 ദിവസങ്ങളിൽ കൂടുതൽ റദ്ദാക്കലുകൾ തുടർന്നേക്കാമെന്ന് എയർലൈൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home