മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസ്: അന്വേഷണത്തിന് എസ്പി പൂങ്കുഴലി നേതൃത്വം നൽകും

ജി പൂങ്കുഴലി, രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥയായ എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാകും അന്വേഷണം. പെൺകുട്ടിയുടെ മൊഴി അന്വേഷകസംഘം ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞദിവസം പരാതിക്കാരിയെ പൊലീസ് തിരിച്ചറിയുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കേസുമായി മുന്നോട്ട് പോകാൻ തയ്യാറെന്ന് പെൺകുട്ടി അന്വേഷക സംഘത്തെ അറിയിച്ചിട്ടുണ്ട്.
ബംഗളുരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയാണ് പരാതിക്കാരി. 2023ൽ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നും തുടർന്ന് രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. 2023 ഡിസംബറിൽ സുഹൃത്തിന്റെ ഹോംസ്‌റ്റേയിലെത്തിച്ചാണ് പീഡിപ്പിച്ചത്. രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താൽപര്യം ഉണ്ടായിരുന്നില്ല. രാഹുൽ യൂത്ത് കോൺ സംസ്ഥാന പ്രസിഡന്റായതോടെ കുടുംബം സമ്മതിച്ചു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുൽ വിളിച്ചുവരുത്തി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ നഗരത്തിൽ നിന്ന് ദൂരെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആണ് മാങ്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.







0 comments