തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തിലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവധി നൽകണമെന്ന് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 9, 11 തീയതികളിൽ കേരളത്തിലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക ലീവ് അനുവദിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ആവശ്യമുന്നയിച്ച് എംപി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻസ് സഹമന്ത്രിക്ക് കത്തെഴുതി. പോളിങ് ദിനങ്ങൾ അടച്ചിട്ട അവധി ദിവസങ്ങളായി പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ കേരളത്തിലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കുകയോ ചെയ്യണമെന്ന് എംപി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം രണ്ട് പോളിങ് തീയതികളും സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ദിവസങ്ങളായോ പ്രഖ്യാപിച്ചിട്ടില്ല. പ്രവൃത്തി ദിവസങ്ങളിൽ തെരഞ്ഞെടുപ്പുകൾ വിജ്ഞാപനം ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവധി മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ജീവനക്കാരുടെ വോട്ടവകാശം നഷ്ടപ്പെടുത്താതെ, കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കുന്നതിന് നിർദേശം നൽകണമെന്ന് എംപി മന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു.








0 comments