മാങ്കൂട്ടത്തിലിന്റേത് ആരെയും ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതം; ചിലർ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

പിണറായി വിജയൻ, രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈംഗിക വൈകൃതക്കാരന്റെ നടപടികളാണ് ഉണ്ടായത്. പൊതുരംഗത്തുനിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണ് മാങ്കൂട്ടത്തിൽ. അത്രയും ബീഭത്സമായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുപോലെയുള്ള ആരോപണങ്ങൾ വരുമ്പോൾതന്നെ പൊതുരംഗത്തുനിന്ന് മാറ്റിനിർത്തണമായിരുന്നു. പക്ഷേ, കോൺഗ്രസ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ അറിഞ്ഞിട്ടും, ഭാവിയിലെ നിക്ഷേപം എന്ന് വിശേഷിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നോ വേണ്ടിയിരുന്നത്? സാധാരണഗതിയിൽ ഏതെങ്കിലും ഒരുപാർടിക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുമോ? പ്രതിക്കെതിരെ പറയുന്നവരെ വെട്ടുവിളികൾ അസഭ്യവർഷം നടത്തുകയാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾപോലും ആക്രമണത്തിന് ഇരയാകുന്നു. ആരും തെറ്റുകളെക്കുറിച്ച് പറയാൻ പാടില്ലെന്ന സന്ദേശമാണ് കോൺഗ്രസ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാങ്കൂട്ടത്തിലിനെതിരെ സ്വീകരിച്ചത് മാതൃപരമായ നടപടിയാണെന്ന കോൺഗ്രസ് നേതാക്കളുടെ വാദത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരം കേസിൽപ്പെട്ട് ജയിലിൽ കിടന്ന മറ്റൊരു എംഎൽഎയെ കോൺഗ്രസ് പുറത്താക്കിയിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേസിൽ പൊലീസ് ഫലപ്രദമായ നടപടികൾ സ്വകരിച്ചുവരികയാണ്. പക്ഷേ, പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് സംരക്ഷണമൊരുക്കുന്നവരുണ്ട്. ഇനിയെങ്കിലും അത്തരം സംരക്ഷണം ഒരുക്കാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments