ഗവർണർ സുപ്രീംകോടതി നിർദേശങ്ങൾ ലംഘിച്ചു; നടപടി വളരെ വിചിത്രമെന്ന് മുഖ്യമന്ത്രി

പിണറായി വിജയൻ (File)
കൊച്ചി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതിയുടെ നിർദേശങ്ങൾ ഗവർണർ രാജേന്ദ്ര ആർലേക്കർ ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി നൽകുന്ന ലിസ്റ്റിൽനിന്ന് ഒരാളെ വൈസ് ചാൻസലറായി ഗവർണർ നിയമിക്കണം എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എന്നാൽ ലിസ്റ്റ് പൂർണമായും തള്ളിക്കൊണ്ട് അയോഗ്യയായ ആളെയടക്കം നിയമിക്കുകയാണ് ഗവർണർ ചെയ്തത്. ഇത് വളരെ വിചിത്രമാണ്. ഇത്ര നഗ്നമായി സുപ്രീംകോടതി നിർദേശം ലംഘിക്കാനുള്ള മനോഭാവം എങ്ങനെയാണ് ഗവർണർക്കുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് നോട്ടീസ്. പശ്ചാത്തലസൗകര്യ വികസനത്തിനായാണ് കിഫ്ബിയെ കൊണ്ടുവന്നത്. അഞ്ച് വർഷംകൊണ്ട് 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യവികസനം നടപ്പാക്കുമെന്ന് 2016ൽ തന്നെ സർക്കാർ പ്രഖ്യാപിച്ചതാണ്. ബദൽ സാമ്പത്തിക സ്രോതസ്സായി കിഫ്ബി ഫലപ്രദമായി പ്രവർത്തിച്ചു. 62,000 കോടി രൂപയുടെ പദ്ധതികളാണ് ആ ഘട്ടത്തിൽ കിഫ്ബി ഏറ്റെടുത്തത്. ഇപ്പോൾ കിഫ്ബിവഴിയുള്ള പദ്ധതികൾ 90,000 കോടിരൂപ കടന്നു. രണ്ട് കയ്യും ഉയർത്തിക്കൊണ്ട് പറയും, അത് ഞങ്ങൾ ചെയ്തതാണ്. കിഫ്ബി നിർവഹിച്ച കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ്. തെരഞ്ഞെടുപ്പ് ആകുമ്പോൾ ഇങ്ങനെ പലതുംവരും. ചട്ടങ്ങൾ ലംഘിച്ചിട്ടില്ല എന്ന് നിയമവ്യവസ്ഥയുടെ മുന്നിൽ നിലപാട് സ്വീകരിക്കും.- മുഖ്യമന്ത്രി പറഞ്ഞു.








0 comments