സ്വാതന്ത്ര്യത്തിലേക്ക് നടന്നെത്തിയ ഒരാള്‍: നെല്‍സണ്‍ മണ്ടേലയുടെ ഓർമകൾക്ക് 12 വയസ്

കൃഷ്ണപ്രിയ സി വി
Published on Dec 05, 2025, 12:17 PM | 3 min read
ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്ന് വിളിച്ച മഹാനായ നേതാവ്.. നെല്‍സണ്‍ മണ്ടേല വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വര്‍ഷം. ലോക ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു മണ്ടേല. സ്വാതന്ത്ര്യത്തിലേയ്ക്ക് കുറുക്കുവഴികളില്ലെന്ന് ലോകത്തെ പലവട്ടം പഠിപ്പിച്ച നേതാവ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് ലോകം മണ്ടേലയെ കണ്ടിരുന്നത്. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹത്തെ ആദരപൂർവം വിളിക്കുന്നത് മാഡിബ എന്നാണ്. മണ്ടേലയുടെ ഗോത്രപ്പേരാണത്.
വർണവിവേചനത്തിന്റെ പീഢനങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നയിച്ച നേതാവ് കൂടിയാണ് മണ്ടേല. വെള്ളക്കാരന്റെ അടിച്ചമർത്തലിനെതിരായ പോരാട്ടത്തിന് മണ്ടേലയ്ക്ക് പ്രചോദനമായത് ഗാന്ധിജിയുടെ പ്രവർത്തനങ്ങളായിരുന്നു. അതുക്കൊണ്ടു തന്നെ ദക്ഷിണാഫ്രിക്കൻ ഗാന്ധിയെന്ന വിളിപ്പേരും അദ്ദേഹത്തിന് സ്വന്തമായി. ഇന്ത്യയോട് എന്നും പ്രത്യേക സ്നേഹം പുലർത്തിയിരുന്ന നേതാവായിരുന്നു മണ്ടേല. 1990 ൽ രാജ്യത്തെ ദേശീയ ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി രാജ്യം മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. 1993ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിട്ടത്.
ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിലെ ട്രാൻസ്കെയിൻ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തിൽപ്പെട്ടതാണ് മണ്ടേലയുടെ കുടുംബം. ആചാരങ്ങളും ഊരുവിലക്കും നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. നന്നേ ചെറുപ്പത്തിൽ കാലിമേയ്ക്കാൻ പോയി. അച്ഛന്റെ മരണശേഷം സമ്പന്നനായ ഒരാൾ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നതോടെയാണ് മണ്ടേലയുടെ ജീവിതം മാറുന്നത്. കോളേജ് പഠനകാലത്ത് വിദ്യാർഥി കൗൺസിൽ അംഗമാവുന്നതോടെ പൊതുജീവിതത്തിനും തുടക്കമായി. കോളേജിലെ നിലവാരം കുറഞ്ഞ ഭക്ഷണം ബഹിഷ്കരിച്ചതിന് അധികൃതർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതോടെ ബിരുദ പഠനവും മുടങ്ങി. തുടർന്ന് മറ്റൊരു സ്ഥാപനത്തിൽ നിന്നും നിയമത്തിൽ ബിരുദം പൂർത്തിയാക്കി അഭിഭാഷകനായി.

അക്കാലത്ത് രാജ്യമാകെ കോളോണിയൽ വിരുദ്ധ പ്രക്ഷോഭങ്ങൾ അലയടിച്ചിരുന്നു. ലോകത്തില്‍ ഉണ്ടായതില്‍ വെച്ചേറ്റവും ക്രൂരമായ വര്‍ണവിവേചനമായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്നത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ നേരിട്ട പ്രശ്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷമായ കറുത്തവര്‍ക്ക് നേരിടാനുണ്ടായിരുന്നത് കറുത്തവരായിപ്പോയതുകൊണ്ടു മാത്രമുള്ള വിവേചനമായിരുന്നു. നീതിരഹിതമായ ആ ഇരുട്ടില്‍ നിന്നാണ് നെല്‍സണ്‍ മണ്ടേല എന്ന സൂര്യതേജസ് ഉദിച്ചുയർന്നത്.
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന രൂപീകരിച്ച് അദ്ദേഹം സമാധാനപരമായ സമരങ്ങൾക്ക് നേതൃത്യം നൽകി. എന്നാൽ സമാധാനപരമായ സമരങ്ങളുടെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ സായുധസമരത്തിന്റെ വഴി തേടാൻ അദ്ദേഹം മുതിർന്നു. 1961ൽ ക്യൂബൻ പ്രസിഡന്റായിരുന്ന ഫിദൽ കാസ്ട്രോ, രൂപം നൽകിയ 26ജൂലൈ മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എം കെ എന്നൊരു സംഘടനയ്ക്ക് രൂപം നൽകി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും വേറിട്ട ഒരു സംഘടനയായിരുന്നുവെങ്കിലും, പിന്നീട് എംകെ, എഎൻസിയുടെ സായുധസേനാ വിഭാഗമായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ്നേതാക്കളായ, ജോ സ്ലോവ്, റെയ്മണ്ട് ഹ്ലാവ, ബെൺസ്റ്റെയിൻ എന്നിവർ ചേർന്ന് എംകെക്ക് ഒരു ഭരണഘടന തയ്യാറാക്കുകയും ചെയ്തു.

1962 ജൂലൈ 30 അന്നാണ് മണ്ടേല അറസ്റ്റിലാവുന്നത്. ലോകചരിത്രത്തിൽ അദ്ദേഹത്തോളം ജയിൽ വാസമനുഭവിച്ച മറ്റ് നേതാക്കളുണ്ടോയെന്നത് സംശയമാണ്. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി 27 വർഷമാണ് അദ്ദേഹം തടവറയ്ക്കുള്ളിലായത്. മോചിതനായിട്ടും അദ്ദേഹം പ്രക്ഷോഭങ്ങൾ തുടർന്നു. 1994 ലെ തെരഞ്ഞെടുപ്പ് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്താളുകളിൽ നിർണായക സ്ഥാനം വഹിക്കുന്നു. അതായിരുന്നു എല്ലാ വംശങ്ങളെയും പങ്കെടുപ്പിച്ചുക്കൊണ്ടുള്ള ആദ്യ ഹിത പരിശോധന. മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിന്റായി സ്ഥാനമേറ്റു. വെളുത്തവനും വിവിധ ഗോത്രവര്‍ഗങ്ങളില്‍പ്പെട്ട കറുത്തവരും സ്വരച്ചേര്‍ച്ചയോടെ ജീവിക്കുന്ന റിപ്പബ്ലിക്ക് കെട്ടിപ്പടുക്കാനായിരുന്നു മണ്ടേല പിന്നീടുള്ള അഞ്ച് വര്‍ഷക്കാലം ശ്രമിച്ചത്.

ഭരണത്തിലെ അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും അദ്ദേഹം മുതിർന്നില്ല. 1999 ല്‍ അധികാര രാഷ്ട്രീയത്തിനോട് വിട പറഞ്ഞ മണ്ടേല 2005ല്‍ പൊതുജീവിതത്തിനോടും വിട പറഞ്ഞു. 2012 ലാണ് ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് മണ്ടേല ആശുപത്രിയിലായത്. 2013 ഡിസംബര്‍ 5 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.'ദ ലോങ് വാക്ക് ടു ഫ്രീഡം' എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെൽസൺ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറിൽ യു എൻ പൊതുസഭ പ്രഖ്യാപിച്ചു.

ഗാസയിൽ ഇസ്രയേൽ കൊടും ക്രൂരത തുടരുന്ന സാഹചര്യത്തിലാണ് മണ്ടേലയുടെ ഓർമകൾക്ക് പ്രാധാന്യമേറുന്നത്. 1997 ൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ"പലസ്തീന് സ്വാതന്ത്ര്യം കിട്ടാത്തിടത്തോളം കാലം നമ്മുടെ സ്വാതന്ത്ര്യങ്ങളെല്ലാം അപൂർണ്ണമായിരിക്കും" എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മണ്ടേലയുടെ മരണ ശേഷവും, പലസ്തീൻ ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകി ദക്ഷിണാഫ്രിക്ക നിലകൊള്ളുന്നു. 2024 ജനുവരിയിൽ, ഗാസയിലെ യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.









0 comments