ആറ്റിങ്ങലില്‍ ഡ്രോണ്‍ പരിശീലനകേന്ദ്രം തുടങ്ങി
അടുത്ത ഡ്രോൺ പരിശീലനകേന്ദ്രം തൃശൂരില്‍: മന്ത്രി ആർ ബിന്ദു

സ്വന്തം ലേഖിക
കിളിമാനൂർ
സംസ്ഥാനത്തെ മൂന്നാമത്തെ ഡ്രോൺ പരിശീലന കേന്ദ്രം തൃശൂരിൽ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു. കാസർകോട്ടും ഇപ്പോൾ തിരുവനന്തപുരത്തുമാണ് ഡ്രോൺ പരിശീലന കേന്ദ്രമുള്ളത്. സംസ്ഥാന സർക്കാരിന്റെ കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങളിലൂടെ മികച്ച നൈപുണ്യ പരിശീലനത്തിലൂടെ യുവതലമുറയെ തൊഴിൽ സജ്ജരാക്കും. അസാപ് കേരള ഉൾപ്പടെയുള്ള നൈപുണ്യ വികസന സ്ഥാപനങ്ങളിലൂടെ ആഗോള തലത്തിലുള്ള ടെക്‌നിക്കൽ കോഴ്‌സുകൾ കേരളത്തിലെ വിദ്യാർഥികൾക്കും ലഭ്യമാകുന്നുണ്ട്. സ്‌കിൽ ഗ്യാപ് നികത്തി ആത്മവിശ്വാസത്തോടെ തൊഴിൽ മേഖലയിലേക്ക് കടക്കാൻ ഇത്തരം കോഴ്‌സുകൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും തമിഴ്‌നാട് അണ്ണാ സർവകലാശാലയുടെ സെന്റർ ഫോർ എയ്റോസ്പേസ് റിസർച്ച് - ഡ്രോൺ സെന്റർ ഓഫ് എക്‌സലൻസും ചേർന്ന് നടത്തുന്ന ഡ്രോൺ സെന്റർ ഓഫ് എക്‌സലൻസ് പരിശീലനം കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അസാപ് ആരംഭിച്ച രണ്ടാമത്തെ ഡ്രോൺ പരിശീലന കേന്ദ്രമാണിത്. പരിശീലനത്തിന്റെ ഭാഗമായുള്ള ഡ്രോൺ പ്രദർശനവും മന്ത്രി സന്ദർശിച്ചു. നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ നടന്ന പരിപാടിയിൽ ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. തമിഴ്‌നാട് സയൻസ് ആൻഡ് ടെക്‌നോളജി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. മയിൽസ്വാമി അണ്ണാദുരൈ, സിഎഎസ്ആർ ഡയറക്ടർ ഡോ. കെ സെന്തിൽ കുമാർ, അസാപ് കേരള ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ് എന്നിവർ സംസാരിച്ചു.









0 comments