മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് കല്ലിട്ടു
തൃശൂര്‍ ജനറല്‍ ആശുപത്രി ഇനി ഹൈടെക്

തൃശൂർ
തൃശൂർ ജനറൽ ആശുപത്രിയിൽ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കല്ലിടല്‍ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. ചടങ്ങില്‍ അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. തൃശൂർ ഗവ. ജനറൽ ആശുപത്രിയുടെ വികസനക്കുതിപ്പിന് വഴിയൊരുക്കി സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്ന് 136.37 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. പുതിയ ബ്ലോക്കിൽ നൂതന കാഷ്വാലിറ്റി, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ട്രോമാ കെയർ ആൻഡ് എമർജൻസി വിഭാഗം, ഡയാലിസിസ് സൗകര്യങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്ക് ഒപി, വാർഡ്, ആധുനിക ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ്, ഇന്റൻസീവ് കെയർ യൂണിറ്റുകൾ, കൂട്ടിരിപ്പുകാർക്ക് ഡോർമിറ്ററി, കാന്റീൻ എന്നിവ ഉണ്ടാകും. 125 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവുന്ന മൾട്ടിലെവൽ ഓട്ടോമാറ്റിക് പാർക്കിങ് സൗകര്യങ്ങളും ഒരുക്കും. എച്ച്എൽഎല്ലിന്റെ ഉപ കമ്പനി ഹൈറ്റ്സിനാണ് നിർമാണ ചുമതല. നിലവിലെ കാഷ്വാലിറ്റിയും ഓഫീസ് സംവിധാനങ്ങളും ഉൾപ്പെടുന്ന കെട്ടിടത്തിന് പിന്നിലെ സ്ത്രീകളുടേയും കുട്ടികളുടേയും വിഭാഗം പൊളിച്ചാണ് അഞ്ചുനിലയുള്ള പുതിയ കെട്ടിടം നിർമിക്കുക. സ്ത്രീകളുടേയും കുട്ടികളുടേയും വിഭാഗം പഴയ ജില്ലാ ആശുപത്രിയ്ക്ക് പിന്നിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇൗ കെട്ടിടത്തിന്റെ പണികൾ അതിവേഗം പൂർത്തിയാക്കാൻ ബജറ്റിൽ 1.5 കോടി വകയിരുത്തിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ജനറൽ ആശുപത്രിയിൽ നിരവധി നൂതന ചികിത്സാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്. ദിനംപ്രതി 2500ലേറെ പേരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. ക്ലെമിൻ ജോസ്, ഡിപിഎം ഡോ. സജീവ് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ടന്റ് ഡോ. താജ് പോൾ, കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി ആർ ഹിരൺ, ചീഫ് നഴ്‌സിങ് ഓഫീസർ ഉമാ ദേവി, ലേ സെക്രട്ടറി ടോണി എന്നിവർ സംസാരിച്ചു. അഞ്ച് നിലകളിലായാണ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമിക്കുന്നത്.










0 comments