അശാസ്‌ത്രീയ പരിഷ്‌കാരം നീക്കി സിപിഐ എം

സർവീസ് റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ നടപടിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നടത്തിയ സമരം കൊടകര ഏരിയ കമ്മിറ്റിയംഗം ഇ കെ അനൂപ് ഉദ്ഘാടനം ചെയ്യുന്നു
ആമ്പല്ലൂർ
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡിൽ സ്ഥാപിച്ച ഗതാഗത തടസം നീക്കി സിപിഐ എം. പുതുക്കാട് സർവീസ് റോഡിൽ ഗതാഗതം തടഞ്ഞ് നടപ്പാക്കിയ പരിഷ്കാരം ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചതിനെ തുടർന്നാണ് സിപിഐ എം നടപടി. പുതുക്കാട് പെട്രോൾ പമ്പിന് സമീപം കോൺക്രീറ്റ് ബാരിക്കേഡ് വച്ചാണ് വെള്ളിയാഴ്‌ച രാത്രി തൃശൂർ ഭാഗത്തേക്ക് സർവീസ് റോഡിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞത്. എന്നാലിത് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ കുരുക്ക് വർധിപ്പിച്ചു. സർവീസ് റോഡിന്റെ പ്രവേശന ഭാഗം തുറന്നുകിടക്കുന്നതിനാൽ റോഡ് അടച്ചതറിയാതെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് റോഡിലേക്ക് കടക്കുകയും തടഞ്ഞ ഭാഗത്ത് കുടുങ്ങുകയും ചെയ്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. സർവീസ് റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ നടപടി യാത്രക്കാർക്ക് ദുഷ്കരമായതോടെയാണ് സിപിഐ എം നേതൃത്വത്തിൽ ശനി പകല്‍ 11 ഓടെ നടത്തിയ സമരത്തിന്റെ ഭാഗമായി ബാരിക്കേഡ് എടുത്തുമാറ്റിയത്. കൊടകര ഏരിയ കമ്മിറ്റിയംഗം ഇ കെ അനൂപ് സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി അഡ്വ. അൽജോ പുളിക്കൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, പി സി സുബ്രൻ, പി വി മണി എന്നിവർ സംസാരിച്ചു.








0 comments