ad
Deshabhimani

ജില്ലയിലും വേണം കരുതൽ

പ്രളയ സാധ്യതാ ഭൂപടത്തിൽ 94 ഇടങ്ങൾ

ചാലക്കുടി താലൂക്കിൽ പ്രളയസാധ്യതാ ഭൂപടം

avatar
സി എ പ്രേമചന്ദ്രൻ

Published on Aug 04, 2026, 12:19 AM | 1 min read

തൃശൂർ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 2026 ഓറഞ്ച്‌ ബുക്കിലെ പ്രളയ സാധ്യതാ ഭൂപടത്തിൽ തൃശൂർ ജില്ലയിൽ 94 ഇടങ്ങൾ. 10 വർഷത്തിനകം പ്രളയ ആവർത്തന സാധ്യത, 25 വർഷ പ്രളയ ആവർത്തന സാധ്യത, 50 വർഷ പ്രളയ ആവർത്തന സാധ്യത, 100 വർഷ പ്രളയ ആവർത്തന സാധ്യത, 200 വർഷ പ്രളയ ആവർത്തന സാധ്യത, 500 വർഷ പ്രളയ ആവർത്തന സാധ്യത എന്നിങ്ങനെ സൂക്ഷ്‌മ ഭൂപടങ്ങൾ തയ്യാറാക്കിയാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ചാലക്കുടി താലൂക്കിൽ 14 ഇടങ്ങളിൽ പ്രളയ സാധ്യതയുണ്ട്‌. തൃശൂർ 20, ചാവക്കാട്‌ 16, കൊടുങ്ങല്ലൂർ 9, കുന്നംകുളം 9, മുകുന്ദപുരം 14, തലപ്പിള്ളി 12 എന്നിങ്ങനെ 94 പ്രദേശങ്ങളാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ഭൂപടത്തിൽ പ്രളയ ആവർത്തന സാധ്യതാ പ്രദേശങ്ങളിലെ സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. തദ്ദേശ സ്ഥാപനങ്ങളിലെ പ്രളയ സാധ്യതാ പ്രദേശം, സാധ്യതയുള്ള പ്രളയ ജല ഉയരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 10 വർഷ പ്രളയ ആവർത്തന സാധ്യതാ പ്രദേശങ്ങളിൽ ശക്തമായ മഴയിൽ വെള്ളക്കെട്ടും പ്രളയവും അനുഭവപ്പെടും. ഒന്നിൽ കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ശക്തമോ തീവ്രമോ ആയ മഴയിൽ 10വർഷ ആവർത്തന സാധ്യതാ പ്രദേശങ്ങളാണ്‌ കൂടുതൽ മുങ്ങുക. ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതവേണം. അടുത്തടുത്ത ദിവസങ്ങളിൽ ഓറഞ്ച്‌ അലർട്ട്‌, റെഡ്‌ അലർട്ട്‌ എന്നിവ ഉണ്ടെങ്കിൽ ഇത്തരം പ്രദേശങ്ങളിൽ നിന്ന്‌ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറാവണം. പുഴ, നീർച്ചാലുകൾ എന്നിവയിൽ ജലനിരപ്പ്‌ അപകടഘട്ടം കടന്നാലും ആളുകളെ മാറ്റിപ്പാർപ്പിക്കണം. യുഎൻഇപി, യുഎൻ ഗ്രിഡ്‌, ചിമ ഫൗണ്ടേഷൻ ഇറ്റലി എന്നിവരുടെ സഹായത്തോടെ സംസ്ഥാനത്താകെയുള്ള താലൂക്ക്‌ തിരിച്ച്‌ ഭൂപടങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തദ്ദേശ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ദുരന്തസാധ്യത പരിഗണിച്ചുള്ള തയ്യാറെടുപ്പുകൾക്കായി ഈ ഭൂപടം പ്രയോജനപ്പെടുത്താം. പ്രാദേശിക സൂചകങ്ങളായും ഉപയോഗിക്കാം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും താലൂക്കും തദ്ദേശ സ്ഥാപനങ്ങളും ഈ ഭൂപടം പ്രിന്റ്‌ ചെയ്‌ത്‌ സൂക്ഷിക്കണമെന്നും ഓറഞ്ച്‌ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 2018ലേയും 2019ലേയും പ്രളയ അനുഭവങ്ങൾ ഉൾക്കൊണ്ടാണ്‌ 2020 മുതൽ ഇത്തരം കൈപ്പുസ്‌തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home