ad
Deshabhimani

ട്രോളിങ്ങ് നിരോധനം ഇന്ന് തീരും

പ്രതീക്ഷയോടെ ബോട്ടുകൾ കടലിലേക്ക്

ടോളിങ്ങ് നിരോധനം അവസാനിക്കുന്നതോടെ കടലിൽ പോകാനൊരുങ്ങുന്ന ബോട്ടുകൾ

ടോളിങ്ങ് നിരോധനം അവസാനിക്കുന്നതോടെ കടലിൽ പോകാനൊരുങ്ങുന്ന ബോട്ടുകൾ

വെബ് ഡെസ്ക്

Published on Jul 31, 2025, 01:26 AM | 2 min read

കൊടുങ്ങല്ലൂർ

52 ദിവസം നീണ്ട ട്രോളിങ് നിരോധനം വ്യാഴാഴ്‌ച അർധരാത്രി അവസാനിക്കും. മീൻ കോളു തേടി മീൻപിടിത്ത ബോട്ടുകൾ അഴിമുഖം കടന്ന് വീണ്ടും അറബിക്കടലിലിറങ്ങും. കടൽ കനിയുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും. ട്രോളിങ്​ നിരോധനം അവസാനിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഹാർബറുകളിലെയും മിനി ഹാർബറുകളിലെയും തൊഴിലാളികൾ. കഴിഞ്ഞ മെയ് ഒമ്പതിന്​ ട്രോളിങ്​ നിരോധനം നിലവിൽ വന്നപ്പോൾ നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന മീൻപിടിത്ത തൊഴിലാളികളും തിരിച്ചെത്തി. എൻജിൻ പണി ഉൾപ്പെടെ തീർത്ത്, പെയിന്റടിച്ച് ബോട്ടുകളെ അലങ്കരിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. വലകളുടെ കേടുപാടുകളും തീർത്തുകഴിഞ്ഞു. കഴിഞ്ഞവർഷം പ്രതീക്ഷിച്ച പോലെ മീൻ ലഭിച്ചിരുന്നില്ല. തുടക്കത്തിലെ പ്രതികൂല കാലാവസ്ഥയും വിനയായി. ഇത്തവണ കനത്ത മഴയുമായി കാലവർഷം നേരത്തേയെത്തിയതോടെ പ്രതീക്ഷയുണർന്നു. തുടക്കത്തിലേ കടൽ നന്നായിളകിയതിനാൽ മീൻകൂട്ടങ്ങൾ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം കടലാക്രമണം തുടർച്ചയായതോടെ കടലിൽ പോകുന്നതിന് നിരന്തരം വിലക്കുണ്ടായി. വലിയ തുകയുടെ ഇന്ധനം നിറച്ച് ആഴക്കടലിൽ പോയിട്ടും കാര്യമായി ഒന്നും ലഭിച്ചില്ല. ഇതോടെ കഴിഞ്ഞ സീസണിൽ മത്സ്യമേഖല മന്ദഗതിയിലായി. ഇത്തവണ നല്ല മഴ ലഭിച്ചതാണ് പ്രതീക്ഷ നൽകുന്നത്. കിളിമീനിന്റെയും കണവയുടെയും ചെമ്മീനിന്റെയും അയലയുടെയും കൊയ്​ത്താണ് പ്രതീക്ഷിക്കുന്നത്. ട്രോളിങ്​ നിരോധനത്തെത്തുടർന്ന് പൂട്ടിയ തീരദേശത്തെ ഇന്ധന പമ്പുകളും വ്യാഴാഴ്ച തുറക്കും. ജില്ലയിൽ 168 ബോട്ടുകളാണ് കടലിലിറങ്ങുന്നത്. മുനമ്പത്തെ 800 ബോട്ടുകളും അഴീക്കോട് അഴിമുഖം വഴി കടലിലേക്ക് പോകും. സുരക്ഷയുടെ ഭാഗമായി മത്സ്യബന്ധനത്തിന് പോകുന്നവർ ക്യൂആർ എനേബിൾഡ് ആധാര്‍ കാർഡ് കരുതണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. കടൽസുരക്ഷാ ഏജൻസികളുടെ പരിശോധന സമയത്ത് ആധാർ കൈവശമില്ലെങ്കിൽ പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും. കടൽവഴിയുള്ള മയക്കുമരുന്ന് കടത്തും ഭീകരവാദ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സുരക്ഷാ എജൻസികളുടെ നിർദേശപ്രകാരം ആഗസ്റ്റ് ഒന്നുമുതൽ മത്സ്യത്തൊഴിലാളികൾ നിർബന്ധമായും ആധാർ കൈവശം കരുതണം. സംസ്ഥാന തൊഴിൽവകുപ്പിന്റെ അതിഥി പോർട്ടലിൽ രജിസ്റ്റർചെയ്ത അതിഥിത്തൊഴിലാളികൾക്ക്​ മാത്രമേ മത്സ്യബന്ധന യാനങ്ങളിൽ ജോലിചെയ്യാൻ സാധിക്കുകയുള്ളൂ.


കരുതലുമായി സർക്കാർ

ട്രോളിങ് നിരോധന കാലയളവിൽ തൊഴിലില്ലാതായതോടെ സർക്കാർ കരുതലായി സൗജന്യ റേഷനും പഞ്ഞമാസ ആനുകൂല്യവും തൊഴിലാളികളുടെ കൈകളിലെത്തിയിരുന്നു. മത്സ്യത്തൊഴിലാളികൾക്ക്‌ 43കിലോ റേഷനരിയാണ്‌ സൗജന്യമായി നൽകിയത്‌. സർക്കാരിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിവഴി 1500 രൂപവീതം ജൂൺ, ജൂലൈ മാസത്തിൽ തൊഴിലാളികളുടെ ബാങ്ക്‌ അക്കൗണ്ടിലെത്തി. കപ്പൽ അപകടത്തെ തുടർന്ന്‌ മീൻപിടിത്തം തടസ്സപ്പെട്ടതോടെ തെക്കൻ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക്‌ ആറുകിലോ അരിയും 1000രൂപയും ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home