തീക്കാറ്റായി ‘മരിക്കാൻ വിസമ്മതിക്കുന്ന ഞങ്ങൾ’

‘മരിക്കാൻ വിസമ്മതിക്കുന്ന ഞങ്ങൾ’ നാടകത്തിൽ നിന്ന്
തൃശൂർ
കാണികളിൽ ഊർജം വാരിനിറച്ച് ‘മരിക്കാൻ വിസമ്മതിക്കുന്ന ഞങ്ങൾ’ അരങ്ങേറി. സ്‌കൂൾ ഓഫ് ഡ്രാമയലെ എംടിഎ ആദ്യസെമസ്‌റ്റർ വിദ്യാർഥികൾ ഒരുക്കിയ നാടകം സ്‌കൂളിലെ തുറന്ന അരങ്ങിലാണ് അവതരിപ്പിച്ചത്. കെ ജെ ബേബി അവസാനം രചിച്ച ‘സ്‌നേഹപൂർവം പ്രിയപ്പെട്ട ജോയ്‌സിന്’ എന്ന തിരക്കഥയുടെ നാടകരൂപമാണിത് . ബ്രതോൾഡ് ബ്രഹ്‌തിന്റെ ‘ലൂക്ക്‌ലസിന്റെ വിചാരണ’, കെ ജി ശങ്കരപിള്ളയുടെ ‘ഗുഹ’ എന്നീ നാടകങ്ങൾക്കൊപ്പം ബ്രഹ്‌ത്തിന്റെ കവിതകളും തോറ്റംപാട്ടുകളും ചേർത്ത് ആദ്യാവസാനം തീക്കാറ്റുപോലെ വീശിയടിക്കുകയായിരുന്നു. കുടിയിറക്കപ്പെട്ട കർഷക ജീവിതങ്ങളെ ഗൂഡല്ലുർ കുടിയിറക്കൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നാടകം രംഗഭാഷയിലും നാടകപാഠത്തിലും ശക്തമായ സൃഷ്‌ടിയായി. മെറ്റാ തിയറ്റർ ഭാഷയിൽ ഡോ.ഷിബു എസ് കൊട്ടാരമാണ് രചനയും സംവിധാനവും . കണ്ണൂർ ശ്രീനിവാസന്റെ കോറിയോഗ്രഫിയും തെരുവ് ഗായകരായ ബാബുദാസും ലത ബാബുദാസും ചേർന്നൊരുക്കിയ പശ്ചാത്തലസംഗീതവും നാടകത്തിന്റെ കരുത്ത് വർധിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രി ഏഴിന് നാടകം വീണ്ടും അവതരിപ്പിക്കും.








0 comments