പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ; അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി


സ്വന്തം ലേഖകൻ
Published on Dec 04, 2025, 10:37 PM | 1 min read
ന്യൂഡൽഹി: കേരളത്തിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പാലക്കാട്– കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് (എൻഎച്ച് -966) ഉടൻ അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കേരളത്തിന്റെ റിപ്പോർട്ട് പരിശോധിക്കുകയാണെന്നും കേന്ദ്രം അനുകൂല തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ 121 കിലോമീറ്റർ നീളുന്ന കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴി വേഗത്തിൽ യാഥാർത്ഥ്യമാകുന്നതിനുള്ള സാധ്യതയേറി.
കേരളത്തിൽ ദേശീയപാതാ വികസനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഭൂമി ഏറ്റെടുക്കലിനുള്ള വലിയ ചെലവാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു കിലോമീറ്റർ നിർമാണത്തിന് ആവശ്യമായ ഭൂമി വാങ്ങാൻ ഏകദേശം 50 കോടി രൂപയോളം വേണ്ടിവരുന്നു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഇതുവരെയായി 5580 കോടി രൂപയാണ് ചെലവഴിച്ചത്. സംസ്ഥാന ബജറ്റിൽ നിന്ന് ഇത്രയധികം തുക നീക്കിവയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന കേരളത്തിന്റെ ആശങ്ക യാഥാർത്ഥ്യമാണ്.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി ചില നിർണായക ഇളവുകൾ നൽകാൻ കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്. റോഡിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ, സിമന്റ് എന്നിവയുടെ ജിഎസ്ടി ഇനത്തിൽ കേരള സർക്കാരിന് ലഭിക്കുന്ന 9 ശതമാനം സംസ്ഥാന വിഹിതം ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒഴിവാക്കി നൽകാമെന്ന് കേരളം അറിയിച്ചത് സ്വാഗതാർഹമാണ്– മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് സാങ്കേതികസഹായം നല്‍കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.








0 comments