മനസിലേക്ക്‌ പടർന്ന്‌ തുടർച്ചയുടെ കാഹളം

ജില്ലാ പഞ്ചായത്ത്‌ കയ്യൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി കെ കൃഷ്‌ണൻ ഒക്ലാവ്  കിനാനൂർ– കരിന്തളം പഞ്ചായത്തിലെ ചേലക്കാട്ടെ  സ്വീകരണ കേന്ദ്രത്തിൽ വോട്ടർമാർക്കിടയിൽ
വെബ് ഡെസ്ക്

Published on Dec 04, 2025, 11:18 PM | 1 min read

കരിന്തളം

കോൺഗ്രസ്‌ അനുഭാവിയാണ്‌ കിനാനൂരിലെ കെ വി രവീന്ദ്രൻ. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്ത രവീന്ദ്രൻ ജില്ലാ പഞ്ചായത്ത്‌ കയ്യൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി കെ കൃഷ്‌ണൻ ഒക്ലാവിന്റെ കിനാനൂരിലെ സ്വീകരണ കേന്ദ്രത്തിലെത്തി. നാട്ടിൽ വികസനം നടക്കണമെങ്കിൽ എൽഡിഎഫ് വരണം. അതിനാൽ തന്റെ വോട്ട്‌ ഇത്തവണ എൽഡിഎഫിനുതന്നെ. സ്ഥാനാർഥിയെ ഹാരമണിയിച്ച്‌ രവീന്ദ്രൻ പറഞ്ഞു. ഡിവിഷനിൽ എല്ലായിടത്തും കാണുന്ന കാഴ്‌ച ഇതാണ്‌. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വലിയ വരവേൽപ്പാണ്‌ ലഭിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരും ത്രിതല പഞ്ചായത്ത്‌ ഭരണസമിതികളും നാട്ടിലുണ്ടാക്കിയ മാറ്റം ഓരോ കുടുംബവും തൊട്ടറിഞ്ഞതാണ്‌. കയ്യൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി കെ കൃഷ്‌ണൻ ഒക്ലാവിന്റെ രണ്ടാംഘട്ട പര്യടനം വ്യാഴാഴ്‌ച കൊല്ലന്പാറയിൽനിന്നാണ്‌ ആരംഭിച്ചത്‌. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. വി കുഞ്ഞിരാമൻ അധ്യക്ഷനായി. എം എ നിതിൻ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ടി കെ ചന്ദ്രമ്മ, കെ ലക്ഷ്‌മണൻ, എം രാജീവൻ, എം വി രതീഷ്‌, ടി പി ശാന്ത, മോഹനൻ കാനായി, രാഘവൻ കൂലേരി, എം രാമചന്ദ്രൻ, എൻ പുഷ്‌പരാജൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌, പഞ്ചായത്ത്‌ സ്ഥാനാർഥികളും പര്യടനത്തിന്റെ ഭാഗമായി. പലോത്ത്‌ സമാപനയോഗം എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ‘‘വിപ്ലവ പാരന്പര്യമുള്ള മണ്ണാണ്‌ കയ്യൂർ ഡിവിഷന്റേത്‌. ഇതുവരെ എൽഡിഎഫ്‌ മാത്രമേ ഇവിടെ ജയിച്ചിട്ടുള്ളൂ. അതിന്‌ ഇത്തവണയും മാറ്റമുണ്ടാവില്ല. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ചിട്ടയായ പ്രവർത്തനമാണ്‌ നടത്തുന്നത്‌. സ്‌ത്രീകളും യുവജനങ്ങളും ഉൾപ്പെടെ എല്ലാ വിഭാഗത്തിലുള്ളവരും സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്‌’’– സ്ഥാനാർഥി കെ കൃഷ്ണൻ ഒക്ലാവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home