ദേശീയ പണിമുടക്ക്
നാട് നിശ്ചലം

വിജനമായ തൃശൂർ ശക്തനിലെ ആകാശപ്പാത ജങ്ഷൻ ഫോട്ടോ/എം എ ശിവപ്രസാദ്

സ്വന്തം ലേഖകൻ
Published on Jul 10, 2025, 01:16 AM | 2 min read
തൃശൂർ
കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ – ജനവിരുദ്ധനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്‌ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ ജില്ല നിശ്‌ചലം. സമസ്‌ത വിഭാഗം തൊഴിലാളികളും ഒന്നിച്ച് പണിമുടക്കിൽ അണിചേർന്നു. കലക്ടറേറ്റുൾപ്പെടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സ്‌തംഭിച്ചു. കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിലും പ്രതിഷേധം അലയടിച്ചു. ബാങ്ക്– ഇൻഷുറൻസ് മേഖലകളും വ്യവസായ മേഖലകളും പൂർണമായും സ്‌തംഭിച്ചു. വ്യാപാരികൾ കടകളടച്ച് സഹകരിച്ചു. പൊതുജനങ്ങൾ യാത്രകൾ ഒഴിവാക്കി. പാർലമെന്റ് ഏകപക്ഷീയമായി പാസാക്കിയ ലേബർ കോഡുകൾ പിൻവലിക്കുക, പുറം കരാർവൽക്കരണവും തൊഴിൽ അനിശ്‌ചിതത്വവും സൃഷ്ടിക്കുന്ന നിശ്‌ചിതകാല തൊഴിൽ രീതി ഉപേക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നൽകുക, ഗിഗ്, പ്ലാറ്റ് മേഖല ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, ഇപിഎഫ് പെൻഷൻ 9000 രൂപ നൽകുക, സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ട്രേഡ് യൂണിയൻ രൂപീകരണത്തിനുള്ള നിയന്ത്രണങ്ങൾ ഉപേക്ഷിക്കുക, തൊഴിൽ സമയം ദീർഘിപ്പിക്കാനുള്ള വ്യവസ്ഥകൾ പിൻവലിക്കുക, തൊഴിലവകാശം മൗലിക അവകാശമാക്കുക തുടങ്ങി 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്-ടിയു, എച്ച്-എംഎസ്,യുടിയുസി തുടങ്ങിയ സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, കേന്ദ്രസംസ്ഥാന-സർക്കാർ ജീവനക്കാരുടെ സംഘടനാ ഫെഡറേഷനുകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. ബിഎംഎസ് വിട്ടു നിന്നെങ്കിലും യൂണിയൻ അംഗങ്ങൾ പണിമുടക്കിൽ അണിചേർന്നു. സംഘടിത, അസംഘടിത, പരമ്പരാഗത, സേവന മേഖലകളിൽനിന്നുള്ള മുഴുവൻ തൊഴിലാളികളും കേന്ദ്ര സർക്കാരിനെതിരെ അണിചേർന്നു. ചൊവ്വാഴ്‌ച അർധരാത്രിയോടെ ചരക്ക്, യാത്രാ വാഹനങ്ങൾ സർവീസ് അവസാനിപ്പിച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെഎസ്‌ആർടിസി ജീവനക്കാർ പണിമുടക്കിൽ പങ്കാളികളായി. എന്നാ ൽ അപൂർവം കെഎസ്‌ആർടിസി ബസുകൾ സർവീസ് നടത്തി. കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിൽ പങ്കാളികളായി. സർവീസ് മേഖലകളിലെ ജീവനക്കാരും അധ്യാപകരും ബാങ്ക് ജീവനക്കാരും പണിമുടക്കി. സ്വകാര്യ ബസുകളും ടാക്സി, ഓട്ടോ ഉൾപ്പെടെ വാഹനങ്ങളിലെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി. പണിമുടക്കിയ തൊഴിലാളികൾ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. അപ്പോളോ ടയേഴ്സ്, കേരളാ ഫീഡ്സ്, ഔഷധി , എസ് ഐഎഫ്എൽ ബാങ്ക്, ഇൻഷ്വറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ സ്തംഭിച്ചു. പോസ്റ്റ് ടെലികോം ജീവനക്കാർ, സംസ്ഥാന സർക്കാർ ജീവനക്കാർ , കോർപറേഷനുകൾ ക്ഷേമ ബോർഡുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം സ്തംഭിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ സിഎംഎസ് സ്‌കൂളിനു മുൻവശത്തു നിന്നും മാർച്ച് ആരംഭിച്ചു. ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ നടന്ന സമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. എം രാധാകൃഷ്‌ണൻ (എഐടിയുസി) അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്, പി കെ ഷാജൻ, മീര നിമേഷ് ടി സുധാകരൻ, എ സിയാവുദ്ദീൻ, എം ആർ രാജൻ (സിഐടിയു), എം കെ തങ്കപ്പൻ ( ടിയുസിഐ), ഉണ്ണിക്കൃഷ്‌ണൻ ഈച്ചരത്ത് ( കെടിയുസി), എം കെ പ്രഭാകരൻ ( കെഎസ്‌കെടിയു ) പി കെ കൃഷ്‌ണൻ (എച്ച്‌എംകെപി) മോഹൻദാസ് എടയ്‌ക്കാടൻ (എൻസിപിസിഎസ്), ഇ നന്ദകുമാർ (എഫ്‌എസ്‌ഇടിഒ), ആർ ടി യാദവ് (എഐബിഇഎ), ജെറിൻ ജോൺ (ബെഫി), ആർ ഹരീഷ് ( ജോയിന്റ് കൗൺസിൽ), ഡോ. കെ ആർ രാജീവ് (കെജിഒഎ), പി പി ഷൈലിഷ് (കേരള ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ) കെ എൻ രഘു (എഐടിയുസി) ദീപക് വിശ്വനാഥൻ ( എൽഐസി എംപ്ലോയീസ് യൂണിയൻ) ഐ ബി ശ്രീകുമാർ (എൻഎഫ്‌പിഇ ) എന്നിവർ സംസാരിച്ചു. യുഡിടിഎഫ് നേത്വത്തിൽ എ ജി ഓഫീസിന് മുൻവശത്തേക്ക് പ്രകടനം നടത്തി. പൊതുസമ്മേളനം ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്‌തു. സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷനായി.










0 comments