ad
Deshabhimani

മുള്ളരിങ്ങാട്‌ പ്രദേശവാസികൾ കാട്ടാന ഭീതിയിൽ

Wild elephant

മുള്ളരിങ്ങാട്‌ അമയൽതൊട്ടി മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള കാട്ടാന

avatar
സ്വന്തം ലേഖകൻ

Published on Jul 26, 2025, 12:00 AM | 1 min read

കരിമണ്ണൂർ

കാട്ടാന ആക്രമണ ഭീതി ഒഴിയാതെ മുള്ളരിങ്ങാട്. വര്‍ഷങ്ങളായി ജനം ആശങ്കയില്‍ തുടരുകയാണിവിടെ. ജനവാസമേഖലയോട് തൊട്ടുചേര്‍ന്നുവരെ കാട്ടാനകള്‍ കൂട്ടമായെത്തുന്നു. വെള്ളി പുലര്‍ച്ചെയാണ് ഏറ്റവും ഒടുവിലെ സംഭവം. അമയല്‍തൊട്ടി മുസ്ലീം പള്ളിക്ക് സമീപമെത്തിയ ഒറ്റയാൻ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി. കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ താൽക്കാലിക വാച്ചർക്ക് വീണ്‌ പരിക്കേറ്റു. വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കാട്ടാന ജനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് വാച്ചര്‍ സാജു വീണത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കൃഷിയിടങ്ങളിലേക്ക് കടന്ന കാട്ടാന വലിയ നാശനഷ്‍ടമുണ്ടാക്കി. വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസ് കാട്ടാന തകർത്തു. നാട്ടുകാരും താൽക്കാലിക വാച്ചർമാരും ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്. ഉൾക്കാട്ടിലേക്ക് പോകാതെ ജനവാസ മേഖലയ്‍ക്ക് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. ഇതിങ്ങനെ എത്രനാള്‍ തുടരണമെന്നാണ് നാട്ടുകാര്‍ വനംവകുപ്പിനോട് ചോദിക്കുന്നത്. ഈ പാവങ്ങളെ കാട്ടാനയ്‍ക്ക് കൊടുക്കണോ മൂന്ന് വർഷത്തിലേറെയായി ഈ പ്രദേശത്ത്‌ കാട്ടാനകളുടെ നിരന്തര ശൈല്യം തുടങ്ങിയിട്ട്‌. പലവട്ടം പരാതിപ്പെട്ടിട്ടും ശാശ്വത പരിഹാരം ഇപ്പോഴുമകലെ. ജനവാസ മേഖലകളിൽ വിഹരിക്കുന്ന കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി വിളകള്‍ ചവിട്ടിമെതിക്കുകയാണ്. കർഷകർ പടക്കം പൊട്ടിച്ചും തീ കൂട്ടിയും ഓടിക്കുമ്പോൾ ഉൾ വനത്തിലേക്ക്‌ വലിയും. താമസിയാതെ തിരിച്ചെത്തും. അമയല്‍തൊട്ടി പ്രദേശത്ത് 150ഓളം കുടുംബങ്ങളുണ്ട്. ഭൂരിഭാ​ഗവും കൃഷിക്കാരും കൂലിപ്പണിക്കാരുമാണ്. വനത്തിന് അരികിലുള്ള റോഡിന് അരകിലോമീറ്റര്‍ മാറി പുഴയൊഴുകുന്നു. കോതമംഗലം ഫോറസ്‌റ്റ്‌ ഡിവിഷൻ പരിധിയിലാണീ വനമേഖല. കോതമംഗലം എംഎൽഎ ആന്റണി ജോണിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗച്ച്‌ ഫെൻസിങ്‌ പൂർത്തിയാക്കിയിരുന്നു. തൊടുപുഴ എംഎൽഎയുടെ പരിധിയിലുള്ള വനാതിർത്തിയിൽ ഫെൻസിങ്‌ വൈകിയാണ്‌ തുടങ്ങിയത്‌. ഓര്‍മയില്ലേ 
അമര്‍ ഇബ്രാഹിമിനെ കഴിഞ്ഞ ഡിസംബര്‍ 29നാണ് അമയൽതൊട്ടിയിൽ അമർ ഇബ്രാഹിം എന്ന യുവാവ്‌ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. സംഭവം വലിയ പ്രതിഷേധത്തിന്‌ വഴിവച്ചു. ഇതോടെയാണ് തൊടുപുഴ എംഎൽഎയും ഇടുക്കി എംപിയും ഫെൻസിങ്ങിനായി ഫണ്ട്‌ അനുവദിച്ചത്‌. പ്രദേശത്ത് അഞ്ച് കാട്ടാനകളെ വരെ കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരുജീവൻ പൊലിഞ്ഞിട്ട് മാസങ്ങളായിട്ടും സ്ഥലത്ത് പ്രകടമായ മാറ്റങ്ങളൊന്നുമില്ലാത്തത് നാട്ടില്‍ ചര്‍ച്ചയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home