അടിമാലി മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷം
ഒരു മാസത്തിനിടെ കാട്ടാനക്കൂട്ടം നശിപ്പിച്ചത് 20 ഹെക്ടർ കൃഷിയിടം

അടിമാലി
അടിമാലി, പള്ളിവാസൽ, മാങ്കുളം, വെള്ളത്തൂവൽ പഞ്ചായത്തുകളിൽപ്പെടുന്ന കത്തിപ്പാറ, കൈതച്ചാൽ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായി. നെല്ലിപ്പാറകുടി,കൊരങ്ങാട്ടി, പ്ലാമല, കൊടകല്ല് എന്നീ പ്രദേശങ്ങളിൽ ഒരു മാസത്തിനിടെ കാട്ടാനക്കൂട്ടം നശിപ്പിച്ചത് 20 ഹെക്ടറിലധികം കൃഷിയിടം. ഇവിടങ്ങളിൽ മാത്രം രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. കാട്ടുകൊമ്പൻ ഉൾപ്പടെ മുപ്പതിലധികം ആനകളാണ് കഴിഞ്ഞ ഒരുമാസമായി വ്യാപക നാശനഷ്ടങ്ങൾ വരുത്തുന്നത്. രണ്ടായിരത്തിലധികം ഏലച്ചെടികൾ ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ആനക്കൂട്ടം ആദിവാസികളുടെയും വനാതിർത്തികളിൽ താമസിക്കുന്നവരുടേയും വീടുകളും കാർഷികവിളകളും തല്ലിതകർത്തു. പത്തിലധികം താൽക്കാലിക ഷെഡുകൾ അടക്കമുള്ള കെട്ടിടങ്ങൾ നശിപ്പിച്ചു. തനത് വിളകൾ പൂർണമായും അപ്രത്യക്ഷമായി. ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. പടക്കം പൊട്ടിച്ചും കൃത്രിമ ശബ്ദമുണ്ടാക്കിയുമാണ് ആനകളെ ഓടിക്കുന്നത്. പ്ലാമല പീച്ചാട് മേഖലയി ൽ മാത്രം ആഴ്ചയിൽ പതിനായിരം രൂപയിലധികം വേണ്ടി വരും പടക്കം വാങ്ങാൻ. ജാതി, കൊക്കോ, കുരുമുളക്, തെങ്ങ്, കവുങ്ങ് തുടങ്ങി കൃഷിയിടത്തിലുള്ള സകലവിളവുകളും നശിപ്പിക്കുന്നത്പതിവായി. കൂടാതെ, കുരങ്ങ്, മലയണ്ണാൻ, പന്നി തുടങ്ങിയ ജീവികളുടെ ആക്രമണവും വർധിച്ചു. ഇതോടെ തന്നാണ്ട് വിളകളുടെ കൃഷികർഷകർ പൂർണമായും ഉപേക്ഷിക്കുകയാണ്. നെല്ലിപ്പാറഭാഗം ആനത്താരയുള്ളതാണ്. കാലവർഷം ശക്തമായതോടെ മുമ്പെങ്ങും ഇല്ലാത്തവിധം കാട്ടാനകൾ കൂട്ടമായെത്തെുന്നത്. കിടങ്ങുകൾ തീർത്തോ സൗരോർജവേലികൾ സ്ഥാപിച്ചോ ആനക്കൂട്ടത്തെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇവിടങ്ങളിൽ ജനവാസം അസാധ്യമാകും. മറ്റ് ജോലികൾക്കൊന്നും പോകാൻ കഴിയാതെ ആനയെ ഓടിക്കുന്നതിനായി ആളുകൾ പല ഭാഗങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്. സമയത്തിന് ഭക്ഷണം കഴിക്കാൻ പോലും ആളുകൾക്ക് കഴിയുന്നില്ല. തീപന്തം കത്തിച്ചുവച്ചും പാട്ടകൊട്ടിയുമാണ് രാത്രികൾ ഇവർ തള്ളി നീക്കുന്നത്. പ്രായമായവരെ മറ്റ് കുടികളിലെ ബന്ധുവീടുകളിലുമാക്കി. കാട്ടാനക്കൂട്ടത്തിന്റെ അലർച്ചകേട്ട് കൈക്കഞ്ഞുങ്ങളുമായി കുടിലിൽനിന്നും ഇറങ്ങി ഓടുകയാണ് അമ്മമാർ. മിക്ക വീടുകളിലും ആളുകൾ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായപ്രദേശങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പ് തയ്യാറാകണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ വനംവകുപ്പ് പൂർണമായും സുരക്ഷിതത്വം ഒരുക്കാൻ വിനിയോഗിക്കണം. അടിയന്തിരമായ പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി കർഷകസംഘം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഏരിയാ പ്രസിഡന്റ് സി കെ ശേഖരൻ, സെക്രട്ടറി കെ ബി വരദരാജൻ എന്നിവർ പറഞ്ഞു.










0 comments