കണ്ണീരുണങ്ങാതെ ചിന്നക്കനാൽ


സ്വന്തം ലേഖകൻ
Published on Oct 07, 2025, 12:15 AM | 1 min read
ശാന്തൻപാറ
ഇടവേളയ്‌ക്കുശേഷം ചിന്നക്കനാൽ മേഖലയെ കണ്ണീരിലാഴ്‌ത്തി വീണ്ടും കാട്ടാനക്കലി. തിങ്കൾ രാവിലെ ചുണ്ടലിൽ ഏലത്തോട്ടം തൊഴിലാളി ജോസഫിനാണ് ജീവൻ നഷ്‌ടമായത്. ഒറ്റയാനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോസഫിനെ കാട്ടാന ചവിട്ടികൊലപ്പെടുത്തുകയായിരുന്നു. കൈകളും കാലുകളും ഒടിഞ്ഞുനുറുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബഹളംകേട്ട് എസ്റ്റേറ്റിലെ തൊഴിലാളികൾ ഓടിയെത്തിയെങ്കിലും ആന അവിടെതന്നെ നിലയുറപ്പിച്ചതിനാൽ അടുക്കാൻ കഴിഞ്ഞില്ല. ചക്കക്കൊമ്പനാണ് ആക്രമിച്ചതെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്.
ദുഷ്‌കര ദൗത്യം
വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ സേനാംഗങ്ങളും(ആർആർടി) ഉടനെ സ്ഥലത്തെത്തിയിരുന്നു. പടക്കം പൊട്ടിച്ചും ബഹളം വെച്ചും കാട്ടാനകളെ തുരത്താനുള്ള ശ്രമം മണിക്കൂറുകളോളം നീണ്ടു. പിന്നീട് കാട്ടാനയെ പന്നിയാർ ഭാഗത്തേക്ക് തുരത്തി. ശേഷമാണ് മൃതദേഹം വനംവകുപ്പിന്റെ വാഹനത്തിൽ രാജകുമാരി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നീട് തുടർ നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ചക്കക്കൊമ്പൻ ഉൾപ്പെടെ ഏഴ് ആനകൾ നിലയുറപ്പിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇവയെ നിരീക്ഷിക്കാൻ ആർആർടി സംഘവും സ്ഥലത്തുണ്ട്.
നഷ്ടമായത് 35 ജീവൻ
ചിന്നക്കനാൽ–പൂപ്പാറ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടു. 2024ൽ ടാങ്ക്‌കുടി, പന്നിയാർ, ബിയൽറാം എന്നിവിടങ്ങളിൽ ഓരോ ജീവനുകൾ നഷ്‌ടമായി. ചക്കക്കൊമ്പന്റെ ആക്രമണത്തിൽ 15 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 2023ൽ വനംവാച്ചർ ശക്തിവേലിനെ കൊലപ്പെടുത്തിയതും ചക്കക്കൊന്പനാണ്.
ശാശ്വത പരിഹാരമില്ല
അരിക്കൊമ്പനും ചക്കക്കൊമ്പനും മുറിവാലനും അടക്കമുള്ള കാട്ടാനകളുടെ വിഹാരകേന്ദ്രമായിരുന്നു ചിന്നക്കനാൽ–പൂപ്പാറ മേഖല. അരിക്കൊമ്പനെ നാടുകടത്തുകയും മുറിവാലൻ ചരിയുകയും ചെയ്തതോടെ മേഖലയിലെ സംഘർഷങ്ങൾ കുറഞ്ഞിരുന്നു. ഇതോടെ വനംവകുപ്പിന്റെ നിരീക്ഷണവും ശ്രദ്ധയും കുറഞ്ഞെന്നാണ് നാട്ടുകാരുടെ ആരോപണം. ഫെൻസിങ് സ്ഥാപിച്ചിരിക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്നും കൃത്യമായ പരിപാലനമില്ലെന്നും ആക്ഷേപമുണ്ട്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ആനത്താരകൾ നശിപ്പിക്കപ്പെട്ടതും ആനകൾ ജനവാസമേഖലയിലെത്താൻ കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.










0 comments