ad
Deshabhimani

ഇടുക്കിയുടെയും കരുത്ത്‌: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2025, 12:45 AM | 1 min read

ചെറുതോണി

കറകളഞ്ഞ കമ്യൂണിസ്റ്റും സമരവീര്യത്തിന്റെ പ്രതീകവുമായ വി എസ് ഇടുക്കിയിലും പാർടിയെ കരുത്തുറ്റതാക്കാൻ യത്നിച്ച ജനകീയ നേതാവായിരുന്നു എന്നും വരുംകാല പ്രവർത്തനങ്ങൾക്ക്‌ ആവേശം പകരുമെന്നും സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജില്ലയിലെ പട്ടയ–-ഭൂ പ്രശ്‌നങ്ങളിലും തോട്ടം തൊഴിലാളി–-കർഷക ആവശ്യങ്ങളിലും സജീവമായി ഇടപെട്ട ജനനേതാവായിരുന്നു. മലയോര ജില്ലയുടെ വികസന കാര്യങ്ങളിലും സാധാരണക്കാരുടെ ജീവത്തായ പ്രശ്‌നങ്ങളിലും ഇടപെട്ട്‌ പരിഹരിക്കാൻ പ്രത്യേക പരിഗണനയും കരുതലും ഉണ്ടായി. വലതുപക്ഷ രാഷ്‌ട്രിയ ആധിപത്യങ്ങൾക്ക്‌ മുൻകൈ ഉണ്ടായിരുന്ന ജില്ലയിൽ പാർടി കെട്ടിപ്പടുക്കുന്നതിൽ സംസ്ഥാന നേതൃനിരയിലെ മുന്നണിപ്പോരാളിയായി വി എസ്‌. കുടിയേറ്റ ഭൂമികയായിരുന്ന ഇടുക്കിയിലെ കുടിയിറക്കുവിരുദ്ധ പോരാട്ടങ്ങൾക്ക്‌ ജില്ലാ പാർടിയോടൊപ്പം അണിനിരന്ന സമരവീര്യം പകർന്ന അനിഷേധ്യനായ നേതാവായിരുന്നു. ഉച്ചനീചത്വങ്ങൾക്കും ജന്മികുടിയാൻ വ്യവസ്ഥിതിക്കുമെതിരെ പോരാടി കർഷകരെയും തൊഴിലാളികളെയും കറുത്ത മണ്ണിൽ ഉറപ്പിച്ചുനിർത്തിയ ധീരനായ പോരാളിയായിരുന്നു. ചെങ്കുളം സമരത്തിൽ വി എസ്‌ നേരിട്ടെത്തി കുടിയിറക്കിനെതിരെ പോരാട്ടം നയിച്ചു. ജില്ലയിൽ ഒരു കാലയളവിൽ അരങ്ങേറിയ ലഹരി വർധനയ്‌ക്കും മറയൂരിലെ ചന്ദന മാഫിയക്കുമെതിരെ പ്രതിപക്ഷനേതാവായിരിക്കെ പടനയിച്ചു. വാഗമൺ ടൂറിസം കേന്ദ്രത്തെ ഭൂമാഫിയ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ വാഗമണ്ണിന്റെ തനിമയും സ്വാഭാവികതയും നിലനിർത്താൻ പോരാടി. ഇടുക്കിക്കുമേൽ ഭീഷണിയായി ഉയർന്ന മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനും വി എസ്‌ പലവട്ടം ഇടപെട്ടു. നരാധമൻമാരാൽ ആക്രമിക്കപ്പെട്ട സൂര്യനെല്ലി പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഓടിയെത്തി. അനശ്വര രക്തസാക്ഷി അനീഷ്‌ രാജന്റെ ഭവനത്തിലെത്തി മാതാപിതാക്കളെ കണ്ട്‌ ആശ്വാസവാക്കുകൾ പറഞ്ഞ വി എസിനെ നാടൊന്നാകെ ഓർത്തെടുക്കുകയാണ്‌. ശബരിമല തീർഥാടകർ പുല്ലുമേട്‌ ദുരന്തത്തിൽ മരണപ്പെട്ടപ്പോൾ കുമളിയിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും ജില്ല ഓർത്തെടുക്കുന്നു. പാർടി സെക്രട്ടറിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ഇടുക്കിയുടെ സാമൂഹിക രാഷ്‌ട്രീയ പരിസരത്ത്‌ നിതാന്ത ജാഗ്രതയോടെ നിരന്തരം ഇടപെട്ടുപോന്ന അണയാത്ത സമരസൂര്യന്‌ കാർഷിക ജില്ലയുടെ ഹൃദയത്തിൽ ചാലിച്ച രക്താഞ്ജലികൾ അർപ്പിക്കുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home