ad
Deshabhimani

വി എസ് ഇടുക്കിയുടെ ഹൃദയത്തിലുണ്ട്

vs

ഫോട്ടോ: ഷിബിൻ ചെറുകര

avatar
കെ ടി രാജീവ്‌

Published on Jul 22, 2025, 12:45 AM | 3 min read

ഇടുക്കി

കാടും മലയും തോടും താണ്ടി മലയോര ജനതയുടെ വേദന തൊട്ടറിഞ്ഞ വി എസ് ഇടുക്കിയുടെ ഹൃദയത്തിലുണ്ട്. ജീവിതായുസ് പൂർണമായും രാഷ്ട്രീയ–സാമൂഹ്യ ഇടപെടലുകൾക്കായി നീക്കിവച്ചതിൽ ഇടുക്കിയുടെ കലണ്ടറിലും സ്ഥാനമേറെ. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഇടുക്കിയിൽ 1958ൽ നടന്ന ഉപതെരഞ്ഞെടുപ്പ് മുതൽ എത്രയോ തവണ ഈ മണ്ണിന്റെ ചരിത്രത്തിന്റെ ഭാഗമായിനിന്ന് വി എസ് പ്രവർത്തിച്ചു. കോൺഗ്രസ് ഭരണാധികാരികൾ മലയോര ജനതയെ കുടിയൊഴിപ്പിച്ച അമരാവതിയിലും ചുരുളി, കീരിത്തോടും ചെങ്കുളത്തുമെല്ലാം കർഷകസംഘം നേതാവായിരുന്ന വി എസ് ഓടിയെത്തി. സംസ്ഥാന സെക്രട്ടറിയായിരുന്ന 1980, 82, 85, 88 കാലങ്ങളിൽ എത്രയോ പ്രക്ഷോഭങ്ങളിലും തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിലും പങ്കെടുത്തു. പ്രതിപക്ഷ നേതാവായിരുന്ന 1991, 1996, 2000 ഘട്ടങ്ങളിൽ ഇടുക്കിയുടെ ജീവൽ പ്രശ്നങ്ങൾ നിയമസഭയിലും പൊതുസമൂഹത്തിലും ഉയർത്തികൊണ്ടുവന്നു. 2006ൽ മുഖ്യമന്ത്രിയായപ്പോൾ വികസനങ്ങൾ കാഴ്ചവച്ചു. യുഡിഎഫ് ഭരണ പിന്തുണയോടെ അരങ്ങേറിയ വനംകൊള്ള, ചന്ദന മോഷണം, കഞ്ചാവ് മാഫിയ വിളയാട്ടം, അനധികൃത കെെയേറ്റം എന്നിവയ്ക്കെതിരെ പോരാടി. സൂര്യനെല്ലി പീഡനകേസിൽ ഇരയ്‌ക്കായി പ്രമാണിവർഗത്തിനെതിരെ പോരാടി. അതിനായി മറയൂർ, മതികെട്ടാൻ, വാഗമൺ, കൊട്ടക്കാമ്പൂർ മലകൾ കയറിയിറങ്ങി. ഇരു സംസ്ഥാനങ്ങളുടെയും വെെകാരിക പ്രശ്‌നമായ മുല്ലപ്പെരിയാറിലും എണ്ണമറ്റ തവണയെത്തി. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവുമെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഉറച്ചു നിന്നു.


1958 ദേവികുളം ഉപതെരഞ്ഞെടുപ്പ് ചുമതലയിൽ

രാജ്യ ശ്രദ്ധനേടിയതും ഇ എം എസ് സർക്കാരിന് നിർണായകമായിരുന്ന 1958ലെ ദേവികുളം മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മുഖ്യചുമതല വി എസ് അച്യുതാനന്ദനായിരുന്നു. നിയമസഭയിൽ ഭൂരിപക്ഷം കുറവായിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത്‌ വളരെ അനിവാര്യമായിരുന്നു. വി എസിന്റെ ഇഛാശക്തിയും കർശന നിലപാടും പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു. കുടിയേറ്റ മേഖലകൂടിയായിരുന്നതിനാൽ പല ഗ്രാമങ്ങളിലും പാർടി ഘടകങ്ങൾതന്നെ ഇല്ലായിരുന്നു. റോസമ്മ പുന്നൂസായിരുന്നു സ്ഥാനാർഥി. ഇക്കാലം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു വി എസ്‌. തെരഞ്ഞെടുപ്പിന്റെ ചുമതലയേറ്റ് ഉടനെ ഇടുക്കിയിലെത്തി. വെള്ളത്തൂവലിൽ ഡോ. സി ഐ നന്ദകുമാറിന്റെ വീട്ടിൽ താമസിച്ച്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു ഇടുക്കി. ദേവികുളം മണ്ഡലം ഇന്നത്തെ പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങൾ ചേർന്നതായിരുന്നു. വലിയ മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ദുഷ്കരമായിരുന്നെങ്കിലും പാർടി നേതാക്കളെ ഓരോ മണ്ഡലത്തിലും നിയോഗിച്ചു. ചിട്ടയായ പ്രവർത്തനത്തിലൂടെ റോസമ്മ പുന്നൂസിനെ വിജയത്തിലെത്തിക്കാനായി. ഇത്‌ പിന്നീട്‌ ഇടുക്കിയിൽ കമ്യൂണിസ്‌റ്റ്‌ പാർടി വളരാൻ അടിത്തറ ശക്തിപ്പെട്ട പ്രധാന ഘടകമായി. നാടിന്റെ മുക്കിലും മൂലയിലും പാർടി ഘടകങ്ങളും വർഗബഹുജന സംഘടനകളും ശക്തിപ്പെടാനും കാരണമായി.


മതികെട്ടാൻ മലയിൽ

പശ്ചിമഘട്ടത്തെ പ്രധാന വനമേഖലയും ജെെവവെെവിധ്യകലവറയുമായ മതികെട്ടാൻ ചോലയെ കെെയേറ്റക്കാരുടെ താവളമാക്കിയ 2001–2002 യുഡിഎഫ് ഭരണകാലം. മുഖ്യമന്ത്രി എ കെ ആന്റണിയും വനംമന്ത്രി കെ സുധാകരനുമായിരുന്നു. അത്യപൂർവ വന–വന്യജീവിമേഖലയെ വെട്ടിനശിപ്പിച്ച് ആയിരക്കണക്കിന് ഏക്കറാണ് ഭരണ പിന്തുണയോടെ കെെയേറാൻ സാഹചര്യം ഒരുക്കിയത്‌. കെെയേറ്റം വ്യാപക ചർച്ചയായതോടെ 2002 മേയിൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ് സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചു. പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് മതികെട്ടാൻ മേഖലയാകെ സന്ദർശിച്ച് കെെയേറ്റം നേരിൽ ബോധ്യപ്പെട്ടു. പിന്നീട് നിയമസഭയിൽ പ്രശ്നം ഉയർത്തി. ഒടുവിൽ അനധികൃതമായി കെെയേറിയവരെ ഒഴിപ്പിക്കുന്ന സ്ഥിതിയിലെത്തി.


മറയൂർ ചന്ദനക്കൊള്ളക്കെതിരെ

മഴനിഴൽ പ്രദേശമായ മറയൂരിലെ അത്യപൂർവ ചന്ദനമരങ്ങൾ കൊള്ളക്കാരും മാഫിയകളും വെട്ടിക്കടത്തിയപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി എസ് ഓടിയെത്തി. ഓരോവർഷവും 5000 ലേറെ ചന്ദനമരങ്ങളാണ് വെട്ടിക്കടത്തിയിരുന്നത്. മറയൂരിൽനിന്നും വെട്ടുന്ന ചന്ദനത്തടികൾ പാലക്കാട്, മലപ്പുറം ജില്ലകളിലെ ചന്ദന ഫാക്ടറികളിലേക്കാണ് പോയിരുന്നത്. ഈ കടത്തിന് ആന്റണി മന്ത്രിസഭയിലെ ഉന്നതർക്കും പങ്കുണ്ടായിരുന്നു. ലീഗ് ഇതിന് കൂട്ടുനിന്നു. ചില ലീഗ്‌ നേതാക്കൾക്കും കടത്തുമായി ബന്ധം ഉണ്ടായിരുന്നു. അടിമാലി, മറയൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചന്ദന മാഫിയയ്ക്ക് താങ്ങും തണലുമായി ഉദ്യോഗസ്ഥരും യുഡിഎഫ് നേതൃത്വവും പ്രവർത്തിച്ചു. അഞ്ച്‌ മുതൽ 20 പേർവരെ ഉൾപ്പെട്ട സംഘം തൊഴിൽ വിഭജനം പോലെ മുറിച്ചുമാറ്റി കടത്തികൊണ്ടുപോകുന്നതായിരുന്ന രീതി. ചന്ദനക്കാട് അപ്രത്യക്ഷമാകുന്നുവെന്നറിഞ്ഞ വി എസ് 2002 സെപ്തംബറിൽ മറയൂർ മേഖല സന്ദർശിച്ചു. നിയമസഭയിൽ കണക്ക് സഹിതം നിരത്തി ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തി. ചന്ദന സംരക്ഷണത്തിന് നടപടി സ്വീകരിക്കുംവരെ പ്രക്ഷോഭം തുടർന്നു.


ചെങ്കുളത്ത് കർഷകർക്ക് ഒപ്പം

ജലവെെദ്യുത പദ്ധതി പ്രദേശത്തുനിന്നും 250ൽ പരം കർഷകരെ കുടിയൊഴിപ്പിച്ച 1977ൽ ആനച്ചാലിലെ സമരപന്തലിൽ വി എസ് എത്തി അഭിവാദ്യം അർപ്പിച്ചിട്ടുണ്ട്. എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. ആനച്ചാലിലെ അഭയാർഥി ക്യാമ്പ് സന്ദർശിച്ച് സത്യഗ്രഹം കിടന്നവർക്ക് എല്ലാ പിന്തുണയും നൽകി. കർഷകസംഘം സംസ്ഥാന നേതാക്കളായ പി വി കുഞ്ഞിക്കണ്ണനും ടി കെ രാമകൃഷ്ണനും വി എസിന് ഒപ്പം എത്തിയിരുന്നു.


ലഹരി മാഫിയകളെ കൈയാമംവച്ച്‌

ഒരുകാലം ഇടുക്കി കഞ്ചാവ്‌ മാഫിയകളുടെ വിഹാര രംഗമായിരുന്നു. സാധാരണക്കാരുടെ സ്വൈര്യ ജീവിതത്തെതന്നെ ബാധിക്കുന്ന കാലം. കമ്പക്കല്ലും കടവരിയും, കൊട്ടക്കൊമ്പൂരും വട്ടവടയും മാങ്കുളവും കഞ്ചാവ്‌ ഭൂപടമായി അറിയപ്പെട്ടു. ഡിവൈഎഎഫ്‌ഐയുടെ പ്രാദേശിക നേതാവ്‌ കാശിനാഥനെ ലഹരിമാഫിയ കൊന്നിരുന്നു. ഈ മാഫിയെക്കെതിരെ പടയൊരുക്കവുമായി വി എസ്‌ പല ഘട്ടങ്ങളിലും മലകയറി. പ്രായാധിക്യത്തിലും കൊടുംതണുപ്പിനേയും കോടമഞ്ഞിനേയും അവഗണിച്ച്‌ ലക്ഷ്യവുമായി മുന്നോട്ടുപോയി. ഏക്കർ കണക്കിന്‌ കഞ്ചാവ്‌തോട്ടം അധികാരികൾക്ക്‌ കാട്ടിക്കൊടുത്തു. പടിയും കമീഷനുംവാങ്ങി കഞ്ചാവ്‌ കൃഷിക്ക്‌ ഒത്താശചെയ്‌തിരുന്ന ഉദ്യോഗസ്ഥ മേലാളന്മാർക്കും താക്കീതായി വി എസിന്റെ ലഹരിവരുദ്ധ പോരാട്ടം.


നിയമസഭാസമിതി അംഗങ്ങളുടെ സന്ദർശനം

ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന ജീവത്തായ പ്രശ്നങ്ങളിൽ ഇടപെടാനായി നിയമസഭാസമിതി ഭാരവാഹിയായും പലതവണ എത്തി. കർഷകരുടെ സ്വപ്നമായ പട്ടയ പ്രശ്നങ്ങളിൽ ഇടപെട്ടു. കർഷകസംഘവും പാർടിയും നടത്തിയ എണ്ണമറ്റ പ്രക്ഷോഭങ്ങൾ ഉദ്ഘാടനം ചെയ്തു. തീവ്ര പരിസ്ഥിതിവാദികളും വലതുപക്ഷമാധ്യമങ്ങളും കാര്യങ്ങൾ തെറ്റിധരിപ്പിക്കാനുള്ള നീക്കം നടത്തിയതും മലയോര ജനത ഓർമിക്കുന്നു. ഈ മണ്ണിനോടും മനുഷ്യരോടും അവരുടെ പ്രശ്നങ്ങളോടും ഹൃദയബന്ധമുള്ള ജനകീയ നേതാവിനെ ചേർത്തുപിടിക്കുകയാണ് അധ്വാന ജനത.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home