പിടിടി യൂണിയൻ നിരാഹാര സമരം 15ന്

വണ്ടിപ്പെരിയാർ
പോബ്സ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ ബുധനാഴ്‌ച ഒന്പത്‌കേന്ദ്രങ്ങളിൽ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കും. കുടിശ്ശികയായ ശമ്പളം ഉടൻ നൽകുക, എല്ലാ മാസവും 10ന് മുമ്പായി ശമ്പളം നൽകുക, ചെലവ് കാശ് ആഴ്‌ചതോറും നൽകുക, കുടിശ്ശികയായ ലീവ് വിത്ത് വേജസ്, കമ്പിളി കാശ് ഉടൻ നൽകുക, തൊഴിലാളികളുടെ കണക്കിൽ പിടിച്ച പണവും ഉടമ വിഹിതവും ചേർത്ത് സമയബന്ധിതമായി പിഎഫിൽ അടയ്ക്കുക, തൊഴിലാളികളുടെ കണക്കിൽ പിടിച്ച വായ്‌പ തുക പലിശ സഹിതം ബാങ്കിൽ അടയ്ക്കുക, തൊഴിലാളി കുടുംബങ്ങളെ വാസയോഗ്യമായ വീടുകളിൽ പാർപ്പിക്കുക, തൊഴിലാളികൾക്ക് ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ തോട്ടങ്ങളിലെ കാട് വെട്ടിത്തെളിച്ച് സജ്ജമാക്കുക, എസ്റ്റേറ്റ് ആശുപത്രികളിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പീരുമേട് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച പോബ്സ് ഡിവിഷൻ മസ്റ്റർ ഓഫീസുകൾക്ക് മുമ്പിൽ നിരാഹാര സമരം നടക്കുന്നത്.
9 സമരകേന്ദ്രങ്ങൾ
പഴയ പാമ്പനാറിലെ പി എ ജേക്കബിന്റെ നിരാഹാര സമരം കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ്പി ഫാക്‌ടറിയിൽ ജയചന്ദ്രൻ സി പി ബാബു എന്നിവരുടെ സമരം പ്ലാന്റേഷൻ ലേബർ കമ്മിറ്റിയംഗം രാജേഷ് ഉദ്ഘാടനം ചെയ്യും. മഞ്ചുമല അപ്പർ ഡിവിഷനിൽ 8 സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകന്റെ നിരാഹാര സമരം കെപിഎൽഎഫ് സംസ്ഥാന സെക്രട്ടറി കെ കെ ജയചന്ദ്രനും സിപിഐഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബുവിന്റെ മഞ്ചുമല ഫാക്ടറി പഠിക്കലെ സമരം എം എം മണി എംഎൽഎയും ഉദ്‌ഘാടനം ചെയ്യും. നമ്പർ 8 കോളനിയിലെ എം ബി ബാലന്റെ സമരം വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷയും, ഇഞ്ചിക്കാട് ആർ സെൽവത്തായിയുടെ നിരാഹാര സമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരിയും നെല്ലിമലയിൽ ആർ ഗണേശന്റെ നിരാഹാര സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനനും പശുമലയിൽ അനില്‍ മാത്യുവിന്റെ നിരാഹാര സമരം സിഐടിയു ജില്ലാ ട്രഷറർ കെ വി ശശിയും, തേങ്ങാക്കലിൽ ഡി സുന്ദർരാജിന്റെ നിരാഹാര സമരം സംസ്ഥാന കമ്മിറ്റിയംഗം പി എസ് രാജനും ഉദ്ഘാടനം ചെയ്യുമെന്ന് പിടിടി യൂണിയൻ ജനറൽ സെക്രട്ടറി എം തങ്കദുര അറിയിച്ചു.










0 comments