ad
Deshabhimani

തൊടുപുഴ മുനിസിപ്പല്‍ ബസ്‌ സ്‌റ്റാൻഡ്‌ ചോരുന്നു

ഭരണാധികാരികളേ, 
സ്റ്റാൻഡിലൊന്ന് കയറീട്ട് പോണേ

bus stand

വെള്ളം കെട്ടിക്കിടക്കുന്ന തൊടുപുഴ നഗരസഭാ ബസ്‌സ്‌റ്റാൻഡ്‌ വരാന്ത

avatar
സ്വന്തം ലേഖകൻ

Published on Jul 27, 2025, 12:00 AM | 2 min read

തൊടുപുഴ

മഴ ശക്തമായതോടെ തൊടുപുഴ മുന്‍സിപ്പല്‍ ബസ് സ്റ്റാൻഡില്‍ യാത്രക്കാര്‍ക്ക് കുടചൂടി നില്‍ക്കേണ്ട ​ഗതികേട്. ദിവസവും കെഎസ്ആര്‍ടിസിയടക്കം അറുനൂറോളം ബസുകള്‍ വന്നുപോകുന്ന, ആയിരങ്ങള്‍ യാത്രചെയ്യുന്ന സ്റ്റാൻഡിലാണ് ഈ ദുരവസ്ഥ. പ്രാദേശികമായും പുറമേ സംസ്ഥാനത്തെ ഭൂരിഭാ​ഗം പട്ടണങ്ങളിലേക്കും ഇവിടെനിന്ന് സര്‍വീസുണ്ട്. പൊലീസ് എയ്‍ഡ്പോസ്റ്റും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഭാ​ഗത്താണ് പ്രധാനമായും ചോര്‍ച്ച. ബിജെപി സഹായത്തോടെ നഗരസഭാ ഭരണം പിടിച്ചെടുത്ത യുഡിഎഫിന് ഇതൊന്നും കാണാൻ സമയമില്ല. വീഴാതെ നോക്കണേ മൂവാറ്റുപുഴയ്‍ക്കുള്ള ബസുകള്‍ നിര്‍ത്തുന്നയിടത്തുനിന്ന് നടന്നാല്‍ അപ്പുറെ ശൗചാലയത്തിന് സമീപമെത്തുമ്പോഴേക്കും യാത്രക്കാര്‍ നല്ലപോലെ നനയും. മേല്‍ക്കൂര ഷീറ്റിലെ ചെറുതും വലുതുമായ ദ്വാരങ്ങളിലൂടെയാണ് വെള്ളം താഴേക്കെത്തുന്നത്. പലതുള്ളി പെരുവെള്ളമെന്ന് പറയുന്നപോലെ വലിയൊരു വെള്ളക്കെട്ടായി ഇതുമാറും. ടൈൽ പാകിയ തറയിൽ കാൽ വഴുതിവീഴാൻ സാധ്യതയേറെയാണ്‌. സമയവ്യത്യാസമില്ലാതെ നിരവധി സ്‍ത്രീകളും കുട്ടികളും വന്നുപോകുന്നയിടമാണിത്. കനത്ത മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ കുട ചൂടുന്നതും ഇവിടുത്തെ കാഴ്‍ചയാണ്. മറ്റുള്ളവര്‍ ഒന്നുകില്‍ ബസ് നിര്‍ത്തുന്നതിനോട് ചേര്‍ന്ന് നില്‍ക്കും, അല്ലെങ്കില്‍ കച്ചവട സ്ഥാപനത്തിന് മുന്നിലേക്ക് മാറിനില്‍ക്കും. ചെയര്‍പേഴ്‍സണ് 
ബസ് കയറണ്ടല്ലോ സ്റ്റാൻഡില്‍ ചോര്‍ച്ചയുണ്ടായി നാളുകളായിട്ടും നടപടിയെടുക്കാത്തതില്‍ യാത്രക്കാര്‍ക്കിടയില്‍ വലിയ പരാതികളുണ്ട്. ചിലയിടങ്ങളില്‍ മേല്‍ക്കൂരയുടെ ഷീറ്റ് ഇളകി മാറി. മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പലസ്ഥലത്തും ടൈലും ഇളകി. മുകളിലേക്ക്‌ കയറാനുള്ള നടകളിലേയും ടൈലുകൾ അപകടാവസ്ഥയിലാണ്‌. രണ്ടാംനിലയുടെ വരാന്തയിലും വെള്ളം കെട്ടിക്കിടക്കുന്നു. ഇതൊന്നും കാണാൻ ന​ഗരസഭ അധികൃതര്‍ ഒരിക്കലെങ്കിലും സ്റ്റാൻഡിലൊന്ന് വരണ്ടേ, കാരണം ചെയര്‍പേഴ്‍സണ് ബസ് കാത്തുനില്‍ക്കേണ്ട കാര്യമില്ലല്ലോ. അന്നും കോണ്‍​ഗ്രസുകാര്‍ക്ക് വേണ്ടായിരുന്നു തൊടുപുഴ നഗരസഭ രൂപീകരിച്ച്‌ 1988ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അഡ്വ. എൻ ചന്ദ്രൻ ചെയർമാനായി. ഇക്കാലത്താണ് പ്രതിപക്ഷ നോതാവായിരുന്ന വി എസ്‌ അച്യുതാനന്ദനെത്തി ബസ്‌സ്‌റ്റാൻഡിന്‌ കല്ലിട്ടത്‌. അതുവരെ ഗാന്ധി സ്‌ക്വയറിലെ ഇടുങ്ങിയ സ്ഥലത്തായിരുന്നു പ്രവര്‍ത്തനം. പുതിയ സ്‌റ്റാൻഡിനുള്ള തീരുമാനമെടുത്തപ്പോൾ വികസനവിരോധികളായ കോൺഗ്രസുകാർ സമരംചെയ്‍തു. എന്നാല്‍ ഭരണസമതിയുടെ തീരുമാനം ശരിയാണെന്ന്‌ പിന്നീട്‌ തെളിഞ്ഞു. നഗരസഭാ ഭരണം യുഡിഎഫ്‌ നിയന്ത്രണത്തിലായതോടെയാണ്‌ ബസ്‌ സ്‌റ്റാൻഡിന്റെ കഷ്‍ടകാലം ആരംഭിക്കുന്നത്‌. അഴിമതിക്ക്‌ വഴിനോക്കുന്ന യുഡിഎഫ്‌ ഭരണത്തിൽ വികസനത്തിൽ ശ്രദ്ധിക്കുന്നനില്ലെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home