തൊടുപുഴ നഗരസഭ
കോൺഗ്രസിലെ തമ്മിലടിക്കൊടുവിൽ ചെയര്‍പേഴ്‍സണ്‍ പദവി ലീഗിന്

തൊടുപുഴ
പത്ത് കൗണ്‍സിലര്‍മാരുണ്ടായിട്ടും തമ്മിലടി കാരണം തൊടുപുഴ നഗരസഭാ അധ്യക്ഷ സ്ഥാനം മുസ്ലീം ലീഗിന് നല്‍കേണ്ടിവന്ന് കോണ്‍ഗ്രസ്. അധികാരത്തിനായുള്ള പിടിവലിക്കും ഗ്രൂപ്പ് പോരിനും അയവില്ലാതെ വന്നതോടെ അധ്യക്ഷസ്ഥാനം ആദ്യടേമില്‍ മുസ്ലീം ലീഗിന് സ്വന്തമായി. ലീഗ് കൗണ്‍സിലര്‍ സാബിറ ജലീലിലെ വെള്ളിയാഴ്‍ച ചെയര്‍പേഴ്‍സണായി തെരഞ്ഞെടുത്തു. സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ് വരണാധികാരിയായി. നഗരസഭ 19ാം വാര്‍ഡ് കുമ്മംകല്ലില്‍നിന്ന് അഞ്ച് വോട്ടിനാണ് സാബിറ ജലീല്‍ വിജയിച്ചത്. കോണ്‍ഗ്രസിലെ കെ ദീപക്കാണ് വൈസ് ചെയര്‍പേഴ്‍സണ്‍. 38 അംഗ കൗണ്‍സിലില്‍ 22വോട്ടുകള്‍ നേടിയാണ് ഇരുവരും വിജയിച്ചത്. കോണ്‍ഗ്രസ് വിമതരായ രണ്ട് സ്വതന്ത്രര്‍ യുഡിഎഫിന് വോട്ടുചെയ്‍തു. മറ്റൊരു സ്വത്രന്തൻ ആര്‍ ഹരി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇദേഹം ജയിച്ച വാര്‍ഡില് യുഡിഎഫിന് സ്ഥാനാര്‍ഥിയില്ലായിരുന്നു.
രണ്ടുവര്‍ഷം ലീഗ്
ആദ്യ രണ്ടുവര്‍ഷമാണ് ലീഗിനുള്ളത്. ഒരുവര്‍ഷം കേരള കോണ്‍ഗ്രസും അവസാന രണ്ടുവര്‍ഷം കോണ്‍ഗ്രസുമാകും നഗരസഭ ഭരിക്കുക. എന്നാല്‍ ലീഗിന് ആദ്യടേം എന്നുള്ളത് യുഡിഎഫ് ഉന്നത നേതാക്കള്‍ കഴിഞ്ഞതവണ ചെയര്‍പേഴ്‍സണായി കോണ്‍ഗ്രസിന്റെ കെ ദീപക് അധികാരമേറ്റപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നെന്നും ഇത് താഴേക്കിടയിലുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നും പറയുന്നു. 2013മുതല്‍ 2015വരെ എ എം ഹാരിദ്, 2015 മുതല്‍ 2018 വരെ സഫിയ ജബ്ബാര്‍ എന്നിവര്‍ ലീഗില്‍നിന്ന് ചെയര്‍പേഴ്‍സണ്‍ ആയിട്ടുണ്ട്.
കോണ്‍ഗ്രസില്‍ ആരാ?
മൂന്നുവര്‍ഷം കഴിഞ്ഞ് ആരാണ് ചെയര്‍പേഴ്‍സണെന്ന് നിലവില്‍ കോണ്‍ഗ്രസിനുള്ളില്‍ ഏകാഭിപ്രായമില്ല. ഇനിയും ആലോചിക്കാൻ ഏറെ സമയമുണ്ടെന്നതും ആശ്വാസം നൽകുന്നുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി നിഷാ സോമന്റെ പേരാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇത് മറ്റ് കൗണ്‍സിലര്‍മാരിലും പാര്‍ടിക്കുള്ളിലും ഭിന്നാഭിപ്രായമുണ്ടാക്കി. നഗരസഭ മുൻ അധ്യക്ഷൻ ടി ജെ ജോസഫിന്റെ മകളും 28-ാം വാർഡ് കൗൺസിലറുമായ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർടി യോഗത്തിൽ ഭൂരിഭാഗം കൗൺസിലർമാരും അഭിപ്രായപ്പെട്ടു. ലിറ്റിയെ പിന്തുണച്ച് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് കെപിസിസിക്കും ഡിസിസിക്കും നൽകി.
മിനിട്സ് റദ്ദാക്കി ഡിസിസി പ്രസിഡന്റ്
വെള്ളി രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗ മിനിട്സില്‍ കോണ്‍ഗ്രസിന്റെ അവസരത്തില്‍ ലിറ്റി ജോസഫ് തന്നെ ചെയര്‍പേഴ്‍സണാകണം എന്ന് രേഖപ്പെടുത്തി. നിഷ സോമൻ അടക്കമുള്ള കൗണ്‍സിലര്‍മാര്‍ ഇതില്‍ ഒപ്പും വച്ചിട്ടുണ്ട്. എന്നാല്‍ താൻ വൈകിയാണ് വന്നതെന്നും വായിച്ച് നോക്കാതെയാണ് ഒപ്പിട്ടതെന്നും നിഷ പറയുന്നു. സംഭവം വിവാദമായതോടെ ഡിസിസി പ്രസിഡന്റ് സി പി മാത്യു ഇടപെട്ട് മിനിട്സ്‍ റദ്ദാക്കി. ആരും സൂപ്പര്‍ ഡിസിസി ആകാൻ നോക്കേണ്ടന്നായിരുന്നു പ്രതികരണം.
ധാരണയായിട്ടില്ലെന്ന്
ലീഗിന് ആദ്യാവസരം നല്‍കണമെന്ന് മാത്രമാണ് യുഡിഎഫ് ധാരണ. കോണ്‍ഗ്രസില്‍ ആരാണ് അധ്യക്ഷയാകേണ്ടതെന്ന് യാതൊരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി നിഷ സോമൻ. ഡിസിസി, യുഡിഎഫ് ജില്ലാ, സംസ്ഥാന ഘടകങ്ങള്‍ അറിയാതെ ഇങ്ങനെയൊരു മിനിട്‌സ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനമാണ്. മിനിട്‍സില്‍ ഒപ്പിട്ടുവെന്നത് യാഥാര്‍ഥ്യമാണ്. പൂര്‍ണമായി വായിച്ചിട്ടില്ല. ഒരുവരിപോലും കൂട്ടിച്ചേര്‍ക്കാൻ പാടില്ലാത്തപോലെയാണ് ഇത് എഴുതിച്ചേര്‍ത്തിരിക്കുന്നത്. അതില്‍ വിയോജിപ്പുണ്ട്. ചെയര്‍പേഴ്‍സണ്‍ ആവണമെന്ന് ആവശ്യപ്പെട്ട് താനെവിടെയും പോയിട്ടില്ല. ഡിസിസിക്കും കെപിസിസിക്കും കത്ത് കൊടുത്തത് സംബന്ധിച്ച് വ്യക്തതയില്ല, കാരണം കോര്‍ കമ്മിറ്റി കൂടിയപ്പോള്‍ ഒപ്പിടലൊന്നും നടന്നിട്ടില്ല. ബ്ലോക്ക് പ്രസിഡന്റ് അങ്ങനെയൊരു പേര് എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിലൊരു നിക്ഷിപ്‍ത താല്‍പ്പര്യമുണ്ടാകുമല്ലോ എന്ന ചോദ്യത്തിന് അങ്ങനെതന്നെയല്ലേ അതിനെ വായിച്ചെടുക്കേണ്ടത് എന്നായിരുന്നു മറുപടി.









0 comments