ad
Deshabhimani

ഹൃദയപൂര്‍വം അഞ്ചുരുളി മുനമ്പ്

അഞ്ചുരുളി മുനമ്പ് എന്ന കൊച്ചുദ്വീപില്‍നിന്നുള്ള ജലാശയക്കാഴ്ചകള്‍ വര്‍ണനാതീതം
avatar
അജിന്‍ അപ്പുക്കുട്ടന്‍

Published on Sep 25, 2025, 12:15 AM | 1 min read

കട്ടപ്പന

അഞ്ചുരുളി മുനമ്പ് എന്ന കൊച്ചുദ്വീപില്‍നിന്നുള്ള ജലാശയക്കാഴ്ചകള്‍ വര്‍ണനാതീതം. ആദിമ കുടിയേറ്റ ചരിത്രമുറങ്ങുന്ന മുനമ്പില്‍ ചരിത്രശേഷിപ്പുകള്‍ക്കൊപ്പം കാഴ്ചകള്‍ ആസ്വദിക്കാം. കാനനപാതയിലൂടെ കടന്ന്‌ മൂന്നുവശവും ഇടുക്കി ജലാശയത്താല്‍ ചുറ്റപ്പെട്ട മുനമ്പിലെത്തിയാൽ നന്നങ്ങാടികളും വീരക്കല്ലുകളുമടങ്ങുന്ന ചരിത്രശേഷിപ്പുകളുമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വനംവകുപ്പ് ഇക്കോ ടൂറിസം കേന്ദ്രമാക്കിയതോടെ സന്ദര്‍ശകരുടെ എണ്ണം വർധിച്ചു. പ്രതിമാസം 3000 പേര്‍ മുനമ്പ് സന്ദര്‍ശിച്ചുമടങ്ങുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് സന്ദർശകർ കൂടുതൽ. തമിഴ്‌നാട്ടില്‍നിന്നും മലബാര്‍, എറണാകുളം മേഖലകളില്‍നിന്നുമായി നൂറുകണക്കിനാളുകള്‍ ഓണക്കാലത്ത് ഉള്‍പ്പെടെ അഞ്ചുരുളിയിലെത്തി. മുതിര്‍ന്നവര്‍ക്ക് 40, കുട്ടികള്‍ക്ക് 20 എന്നിങ്ങനെയാണ്‌ പ്രവേശന ഫീസ്. ക്യാമറ ഒന്നിന് 500 രൂപ നിരക്കില്‍ ചിത്രീകരണത്തിനും അനുമതിയുണ്ട്. മുനമ്പിന്റെ സമീപത്തുള്ള മൂന്നാനരുവി വെള്ളച്ചാട്ടം, കരടിയള്ള് ഗുഹ എന്നിവിടങ്ങളും കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കി തുറന്നുകൊടുക്കും. ഭാവിയില്‍ ഇടുക്കി ജലാശയത്തില്‍ മുനമ്പില്‍നിന്ന് ബോട്ടിങ്ങിനുള്ള സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്നു. കാഞ്ചിയാര്‍ പള്ളിക്കവലയില്‍നിന്ന് പേഴുംകണ്ടം റോഡില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് തേക്കിന്‍കൂപ്പിലെ പ്രവേശന കവാടത്തിലെത്താം. ഇവിടെനിന്ന് 750 മീറ്ററോളം കാനനപാതയിലൂടെ സഞ്ചരിച്ചാൽ മുനമ്പിലെത്താം. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം. സന്ദര്‍ശകര്‍ക്ക് മുനമ്പിലും കാനനപാതയിലും സുരക്ഷയൊരുക്കാന്‍ നാല് ഗൈഡുമാരുടെ സേവനമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home