വെള്ളിച്ചില്ലും വിതറി ആനചാടിക്കുത്തും തൊമ്മൻകുത്തും

ആനചാടിക്കുത്ത്

സ്വന്തം ലേഖകൻ
Published on Jun 03, 2026, 12:30 AM | 2 min read
കരിമണ്ണൂർ
കാലവർഷം ആരംഭിച്ചതോടെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. തീര്‍ത്തും അപകടരഹിതമായ ആനചാടിക്കുത്ത് കാണാൻ സഞ്ചാരികൾ നിരവധിയെത്തിത്തുടങ്ങി. മാരിവില്ലിന്റെ മനോഹാരിതയിൽ പാറയിൽ തട്ടി നുരയും പതയുമായി പതിക്കുന്ന വെള്ളച്ചാട്ടം കണ്ണിനും മനസ്സിനും കുളിരാണ്. വണ്ണപ്പുറം പഞ്ചായത്തിൽ ഉൽഭവിച്ച് കരിമണ്ണൂർ പഞ്ചായത്തിന്റെ അതിർത്തിയിലാണ് ഇൗ വിനോദസഞ്ചാരകേന്ദ്രം. എന്നാലിവിടം നവീകരിക്കാനും ആകർഷകമാക്കാനും വണ്ണപ്പുറം പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്. അടിസ്ഥാന സൗകര്യങ്ങളും പാറക്കെട്ടിൽ പടവുകളും വെള്ളാരം തോടിന് കുറുകെ തൂക്കുപാലവും നിർമിച്ചാൽ സഞ്ചാരികളുടെ ഒഴുക്കാകും. വണ്ണപ്പുറം പഞ്ചായത്താണ് ഇതിന് മുൻകൈ എടുക്കേണ്ടത്. ആനചാടികുത്തിലേക്ക് എത്താനാവുന്ന തൊമ്മൻകുത്ത് എഫ്സി കോൺവെന്റ് വഴിയുള്ള രണ്ട് റോഡുകളുടേയും വീതി വർധിപ്പിക്കണം. ഇതിൽ ഒന്ന് ശിവരാമൻ കുത്തുവഴി മുണ്ടയ്ക്കൽ കടവിലെത്തുന്ന റോഡാണ്. മറ്റൊന്ന് തൊമ്മൻകുത്ത് റോഡിൽനിന്ന് ആരംഭിച്ച മുണ്ടൻമുടിക്കുള്ള റോഡാണ്. നെയ്യശേരി തോക്കുമ്പൻസാഡിൽ റോഡിന്റെ പണികൾ പുരോഗമിക്കുന്നത് പ്രതീക്ഷയാണ്. വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളെ വേർതിരിക്കുന്ന വെള്ളാരംതോടിന് കുറുകെ തൂക്കുപാലം നിർമിച്ചാൽ വിനോദസഞ്ചാര മേഖലയ്‌ക്ക് ഉണര്‍വാകും. മുണ്ടയ്ക്കൽകടവിൽനിന്ന് നേരിട്ട് ആനചാടിക്കുത്തിലേയ്ക്ക് സഞ്ചാരികൾക്ക് എത്താനാവുംവിധം പാറക്കെട്ടിലൂടെ പടവുകൾ പണിത് സുരക്ഷാവേലി സ്ഥാപിക്കണം. വാഹനങ്ങൾക്ക് പാർക്കിങ്ങും സഞ്ചാരികൾക്ക് പ്രാഥമിക സൗകര്യവും വേണം. ഇവിടെനിന്ന് തൊമ്മൻകുത്തിലേക്കും എത്താനാവും വിധം കുത്ത്പാറ റോഡ് തൊമ്മൻകുത്തിലേയ്ക്കുള്ള റോഡുമായി ബന്ധിപ്പിക്കാനും പദ്ധതികളുണ്ടാകണം. മനം മയക്കും തൊമ്മൻകുത്ത് ആനചാടിക്കുത്തിന് സമീപത്താണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടങ്ങൾ. തൊമ്മൻകുത്തിലേക്കുള്ള കാനന പാതയ്‍ക്കിരുവശത്തേയും കാഴ്‌ചകൾ മനംമയക്കുന്നതാണ്. കാട്ടുപാത അവസാനിക്കുന്നത് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിന്റെ പ്രവേശന കവാടത്തിലാണ്. ഏഴ് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ആദ്യത്തേത് വാഹനം പാർക്ക്ചെയ്യുന്നതിന് അടുത്തുതന്നെയാണ്. ഇതിന് മുകളിലേക്കുള്ള മറ്റു വെള്ളച്ചാട്ടങ്ങൾ കാണാൻ വനംവകുപ്പിന്റെ പാസ് എടുക്കണം. സഞ്ചാരികൾക്ക് വിശ്രമിക്കാനും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനും ചെറിയ വ്യൂപോയിന്റുമുണ്ടിവിടെ. മുകളിലേക്ക് പോകുംതോറും അപകടസാധ്യത കൂടുതലാണ്. സ്ഥലപരിചയമില്ലാത്ത നിരവധിയാളുകൾക്ക് തൊമ്മൻകുത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വനസംരക്ഷണ സമിതി കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവായിട്ടുണ്ട്. തൊമ്മൻകുത്തിൽനിന്ന് ഒരു കിലോമീറ്ററിലധികം ദുർഘടപാതയിലൂടെ സഞ്ചരിച്ചാൽ ഏഴുനില കുത്തായി. കാടിന്റെ ഓരം ചേർന്ന് നടക്കുന്പോൾ അപൂർവ സസ്യങ്ങളും കാണാം. സഞ്ചാരികൾക്ക് വിശ്രമിക്കാൻ മരക്കസേരകളും ചാരുബഞ്ചുകളും കൽത്തിട്ടകളും വഴിയിലുണ്ട്. ശാന്തമായൊഴുകുന്ന അരുവിയും പാറക്കെട്ടുകളും കൂറ്റന്‍ വൃക്ഷങ്ങളുമെല്ലാം പ്രത്യേകതകളാണ്.










0 comments