കണ്ണാടിപ്പുഴയ്ക്ക് കുറുകെ പാലം യാഥാർഥ്യത്തിലേക്ക്

തൊമ്മൻകുത്ത് ചപ്പാത്ത്
കരിമണ്ണൂർ
തൊമ്മൻകുത്ത് കണ്ണാടി പുഴയ്ക്ക് കുറുകെ പാലം വരുമെന്ന് വീണ്ടും പ്രതീക്ഷ. നിലവിലുള്ള ചപ്പാത്തിന് പകരമായാണ് പാലം പണിയുന്നത്. പാലം പണിയാൻ വനം വകുപ്പിന്റെ അനുമതിക്കുള്ള 6.2ലക്ഷം രൂപ അടയ്ക്കാൻ ഉത്തരവായി. അനുമതി നൽകണമെങ്കിൽ, പാലംപണിയാൻ വിട്ടുനൽകുന്ന ഭൂമിക്കും ഇതിൽ മരം വളർത്താനുള്ള ചിലവിനുമായുള്ള തുക പരിവേഷ് പോർട്ടൽ വഴി അടയ്ക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് 1.2 ലക്ഷം രൂപ അനുമതിക്കായി കെഎസ്ടിപി ഇതേ ആവശ്യത്തിന് അടച്ചു. ഇതോടെ സ്ഥലം അളന്നു വേർതിരിച്ചു നൽകി. എന്നാൽ, രണ്ടാം ഘട്ട അനുമതി നൽകാൻ കൂടുതൽ തുക വനം വകുപ്പ് ആവശ്യപ്പെട്ടു. ഇതോടെയാണ് പാലം പണി പ്രതി സന്ധിയിലായത്. തടസ്സം ഒഴിവാക്കാൻ വനം വകുപ്പ് ആവശ്യപ്പെട്ട തുകയ്ക്കായി കെഎസ്ടിപി ചീഫ് എൻജിനിയർക്ക് കത്ത് അയച്ചിരുന്നു. ഇതിലാണ് ഇപ്പോൾ അനുകൂല നടപടിയുണ്ടായി . വൈകാതെ പാലവും താൽകാലിക പാലവും പണിയാൻ അനുമതി തേടി കെഎസ്ടിപി പരിസ്ഥിതി മന്ത്രാലയത്തിന്റ പരിവേഷ് പോർട്ടലിൽ തുക അടയ്ക്കും. റി ബിൽഡിങ് കേരളയാണ് വനം വകുപ്പ് ആവശ്യപ്പെട്ട പണം അനുവദിച്ചത്. അളന്നു നൽകിയ സ്ഥലത്ത് മരങ്ങൾ വച്ച് പിടിപ്പിക്കാനുള്ള തുകയാണിത്. ആദ്യഘട്ടത്തിൽ വനം വകുപ്പ് അടയ്‌ക്കേണ്ട തുക കൃത്യമായി ആവശ്യപ്പെട്ടിരുന്നില്ല. ഇതാണ് പാലം പണി വൈകാൻ കാരണം. അടയ്‌ക്കേണ്ട തുക ആദ്യമേ ആവശ്യപ്പെട്ടിരുന്നെങ്കിൽ മുന്പ് അടച്ച തുകയ്ക്ക് ഒപ്പം ഇപ്പോൾ അധികമായി ആവശ്യപ്പെട്ട തുകയും അടയ്ക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ആവശ്യപ്പെട്ട തുക അടച്ചുകഴിഞ്ഞ് പുതിയ തടസ്സം വനം വകുപ്പ് ഉന്നയിച്ചില്ലെങ്കിൽ ഉടൻ പാലം പണിയാൻ കഴിയുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു.










0 comments